കൊളംബോ : ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ശ്രീലങ്ക പൊരുതുന്നു. ഒന്നാം ഇന്നിങ്സില്‍ 439 റണ്‍സിന്റെ കൂറ്റന്‍ ലീഡു വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക, മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 230 റണ്‍സ് പിന്നിലാണ് ശ്രീലങ്ക.
മൂന്നാം ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയ കുശാല്‍ മെന്‍ഡിസിന്റെ (110) പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്കയ്ക്ക് തുണയായത്. മെന്‍ഡിസിന് മികച്ച പിന്തുണയുമായി കൂട്ടുനിന്ന ദിമുത് കരുണരത്നെ 92 റണ്‍സുമായി ക്രീസിലുണ്ട്. 18 പന്തില്‍ രണ്ടു റണ്‍സെടുത്ത് പുഷ്പകുമാരയാണ് കരുണരത്നയ്ക്കൊപ്പം ക്രീസില്‍.
135 പന്തില്‍ 17 ബൗണ്ടറികള്‍ ഉള്‍പ്പെടെ 110 റണ്‍സെടുത്ത മെന്‍ഡിസ്, ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
നേരത്തെ, ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 183ല്‍ ഒതുക്കിയ ഇന്ത്യ, 439 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. 16.4 ഓവറില്‍ 69 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ആര്.അശ്വിനാണ് ശ്രീലങ്കയെ തകര്‍ത്തത്. മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
51 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് നിരോഷന്‍ ഡിക്ക്വല്ലയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. 48 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെയാണ് ഡിക്ക്വല്ല അര്‍ധസെഞ്ചുറിയിലേക്കെത്തിയത്. അഞ്ചാം വിക്കറ്റില്‍ ഏഞ്ചലോ മാത്യൂസിനൊപ്പം ഡിക്ക്വല്ല കൂട്ടിച്ചേര്‍ത്ത് 53 റണ്‍സാണ് അവരുടെ ഉയര്‍ന്ന കൂട്ടുകെട്ട്.