ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്ന് സഹോദരന്‍

Published by
Janam Web Desk

മുംബൈ: ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്ന് സഹോദരന്‍ ഇക്ബാല്‍ കസ്‌കര്‍. തിങ്കളാഴ്‌ച്ച രാത്രി ദക്ഷിണ മുംബൈയിലെ പാക്‌മോഡിയ സ്ട്രീറ്റിലുളള സഹോദരി ഹസീന പാര്‍ക്കറുടെ വീട്ടില്‍ നിന്നും ഇയാളെ താനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൂടാതെ ഇയാള്‍ പാകിസ്ഥാനിലെ അഞ്ചോളം മേല്‍വിലസവും നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

1993 ലെ മുംബൈ സ്‌ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍കൂടിയായ അനീസ് അഹമ്മദുമായി ദാവൂദ് ഇബ്രാഹിം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഇക്ബാല്‍ കസ്‌കര്‍ പറഞ്ഞു. അനസ് ഇവരുടെ മറ്റൊരു സഹോദരനാണ്. കുടുംബത്തിലെ മറ്റാരുമായി മൂന്നു വര്‍ഷമായി ദാവൂദ് സംസാരിക്കാറില്ലെന്നും ഇക്ബാല്‍ പറഞ്ഞു.

ഇക്ബാല്‍ കസ്‌കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിലും അനീസ് അഹമ്മദുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ ഉണ്ടെന്നും വിട്ടുതരണമെന്നും ഇന്ത്യ ആവശ്യപ്പെടുമ്പോഴൊക്കെ ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. ഇക്ബാലിന്റെ വെളിപ്പെടുത്തലിലൂടെ ഇതെല്ലാം കളവായിരുന്നു എന്നാണ് തെളിയുന്നത്.

Share
Leave a Comment