ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് എഐസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് കാര്യസമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രാഹുലിന് അദ്ധ്യക്ഷനായുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറും.
പാര്‍ട്ടിയെ ഇനി രാഹുല്‍ നയിക്കട്ടെയെന്നും രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പിന്വാങ്ങുന്നുവെന്നുമുള്ള സൂചന നേരത്തെ സോണിയ നല്‍കിയിരുന്നു. അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധി വിടവാങ്ങല്‍ പ്രസംഗം നടത്തും. തുടര്‍ന്ന് രാഹുല്‍ ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്യും.
പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അദ്ധ്യക്ഷന്മാര്, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തും .കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
ഇതോടെ സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ 17മത്തെ അദ്ധ്യക്ഷനാകും രാഹുല്‍ ഗാന്ധി. ജനുവരിയിലോ ഫെബ്രുവരിയിലോ നടക്കുന്ന എഐസിസി പ്ലീനത്തോടെയാണ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകുക.
അതേസമയം നെഹറു കുടുംബത്തില്‍ നിന്നുള്ള ആറാമത്തെ അംഗമായി അദ്ധ്യക്ഷ സ്ഥാനത്ത് രാഹുല്‍ എത്തുന്നതോടെ കോണ്‍ഗ്രസില്‍ കുടുംബ വാഴ്ച്ച അവസാനിക്കാതെ തുടരുകയാണ്.