കുവൈറ്റ്: കുവൈറ്റില്‍ വാറ്റ് സംബന്ധിച്ച കരട് ബില്‍ ധനകാര്യസമിതിയുടെ പരിഗണനയ്ക്കു വിടാന്‍ പാര്‍ലമെന്റിന്റെ അനുമതി. കരട് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. കുവൈറ്റില്‍ വാറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി അനിവാര്യമാണ്.
ജി.സി.സി രാജ്യങ്ങള്‍ വാറ്റ് നടപ്പാക്കാന്‍ തത്വത്തില്‍ ധാരണയായെങ്കിലും യു.എ.ഇയും സൗദിയും മാത്രമാണ് എന്ന് മുതല്‍ വാറ്റ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഇരു രാജ്യങ്ങളും 2018 ജനുവരി ഒന്നുമുതല്‍ അഞ്ച് ശതമാനം മൂല്യവര്‍ദ്ധിത നികുതി നടപ്പാക്കും.
കുവൈറ്റില്‍ വാറ്റ് നടപ്പാക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി വേണമെന്നുള്ളതിനാല്‍ ഏറെ കാലതാമസം നേരിടുമെന്നാണ് സൂചന. കൂടാതെ, രാജ്യത്ത് വാറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുകയുമാണ്. അതിനാല്‍ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
നിയമകാര്യ സമിതി തയ്യാറാക്കിയ കരട് വാറ്റ് ബില്‍, ധനകാര്യസമിതിക്ക് വിടാന്‍ കുവൈറ്റ് പാര്‍ലമെന്റ് അനുമതി നല്‍കിയിട്ടുണ്ട്. കരട് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
എണ്ണ വരുമാനം കുറഞ്ഞതിനാല്‍ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം പരമാവധി വര്‍ദ്ധിപ്പിക്കാനാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളെ പോലെ കുവൈറ്റും ലക്ഷ്യമിടുന്നത്. അതിനിടെ, എണ്ണവിലയിടിവ് മൂലമുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കുവൈറ്റ് നടപ്പാക്കിയ സാമ്പത്തിക പരിഷ്ക്കാരനടപടികള് ഗുണം ചെയ്യുന്നതായി ലോക ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.