ഡല്‍ഹി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സും റോയല്‍ചലഞ്ചേഴ്സ് ബാംഗ്ളൂരും ഏറ്റുമുട്ടും. ഡല്‍ഹിയില്‍ രാത്രി എട്ടിനാണ് മത്സരം.
പോയിന്റ് പട്ടികയിലെ ഏറ്റവും പിന്നിലുള്ള ടീമുകളാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സും റോയല്‍ചലഞ്ചേഴ്സ് ബാംഗ്ളൂരും. 11 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രം ജയിച്ച ഡല്‍ഹിയുടെ പ്ളേ ഓഫ് സാധ്യത അസ്തമിച്ചു. എങ്കിലും ടീമിലെ യുവനിരയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഗൗതം ഗംഭീറില്‍ നിന്നും ശ്രേയസ്സ് അയ്യര്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനുശേഷം ഡല്‍ഹിയുടെ പ്രകടനത്തില്‍ കാര്യമായ പുരോഗതിയുണ്ടായി. എന്നാല്‍, തിരിച്ചുവരവിനുള്ള മത്സരങ്ങള്‍ പരിമിതമായത് അവര്‍ക്ക് വിനയായി. റിഷഭ് പന്ത്, പൃഥ്വി ഷാ,ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ ഉജ്ജ്വല പ്രകടമാണ് പുറത്തെടുത്തത്. മൂന്ന് അര്‍ദ്ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 521 റണ്‍സ് നേടിക്കഴിഞ്ഞു റിഷഭ് പന്ത്.
മറുവശത്ത് കോഹ്ലിയുടെ ബാംഗ്ളൂര്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് ജയിച്ചത്. ബാറ്റിംഗ് വിജയിക്കുമ്പോള്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തുകയും, ബൗളര്‍മാര്‍ മികവിലേക്കുയരുമ്പോള്‍ ബാറ്റ്സ്മാന്മാര് പരാജയപ്പെടുകയും ചെയ്യുന്നുവെന്നതാണ് ബാംഗ്ളൂര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രശ്നം പരിഹരിച്ചാല്‍ മാത്രമേ ഇന്ന് അവര്‍ക്ക് സാധ്യതയുള്ളു. എങ്കിലും, ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം നേടിയതിന്റെ ആത്മവിശ്വാസം ബാംഗ്ളൂരിനുണ്ട്.















