മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കൈവിട്ടതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമഗ്ര വിലയിരുത്തലിന് ഒരുങ്ങി ബിസിസിഐ. നാലാം ടി20യിലും ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ടീമിന്റെ പ്രകടനവും പരിശീലക സംഘത്തിന്റെ പ്രവര്‍ത്തനവും വിശദമായി പരിശോധിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. 2027 വരെ കരാറുള്ള മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിന്റെ പ്രവര്‍ത്തനവും വിലയിരുത്തലിന്റെ ഭാഗമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ശ്രേയസ് അയ്യറുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യക്ക് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടെങ്കിലും, തുടര്‍ന്ന് നടന്ന മൂന്ന് മത്സരങ്ങളും ഇംഗ്ലണ്ട് സ്വന്തമാക്കി പരമ്പര ഉറപ്പിച്ചു. രണ്ടാം ടി20യില്‍ നാല് വിക്കറ്റിനും, മൂന്നാം മത്സരത്തില്‍ 125 റണ്‍സിന്റെ വമ്പന്‍ മാര്‍ജിനിലും ഇന്ത്യ തോറ്റു. നാലാം മത്സരത്തിലും ഒമ്പത് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങിയതോടെ ഇംഗ്ലണ്ട് 3-0ന്റെ വലിയ ലീഡ് നേടി. ഇന്ത്യക്കെതിരെ രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ ആദ്യ വിജയമാണിത്.
ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയതിന് ശേഷം ഇന്ത്യ നേരിടുന്ന തുടര്‍ച്ചയായ രണ്ടാം പരമ്പര തോല്‍വിയാണിത്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് അയര്‍ലന്‍ഡിനോടും ഇന്ത്യ 2-0ന് പരമ്പര അടിയറവ് വെച്ചിരുന്നു. അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ടി20 പരമ്പര തോല്‍വി കൂടിയായിരുന്നു അത്. നായകസ്ഥാനത്ത് നടത്തിയ മാറ്റവും ഇപ്പോള്‍ വിമര്‍ശനവിധേയമായിരിക്കുകയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയും ഒരിക്കല്‍ പോലും ടി20 പരമ്പര തോല്‍ക്കാതിരിക്കുകയും ചെയ്ത സൂര്യകുമാര്‍ യാദവിന് പകരമാണ് ശ്രേയസ് അയ്യറെ ബിസിസിഐ നായകനാക്കിയത്. എന്നാല്‍ ആ മാറ്റത്തിന് ശേഷം ഇന്ത്യ കളിച്ച രണ്ട് പരമ്പരകളും തോല്‍വിയിലാണ് അവസാനിച്ചത്.
പരമ്പര ഇതിനകം കൈവിട്ടെങ്കിലും ശനിയാഴ്ച നടക്കുന്ന അവസാന ടി20യില്‍ ആശ്വാസവിജയം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയ്‌ക്ക് ശേഷം നടക്കുന്ന ബിസിസിഐയുടെ അവലോകന യോഗത്തില്‍ ടീമിന്റെ ഭാവിയെ സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന ചര്‍ച്ച.















