മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാനെ തുടര്‍ച്ചയായ അഞ്ചാം അര്‍ദ്ധ സെഞ്ചുറി നേടിയ ജോസ് ബട്ലറാണ് ജയത്തിലെത്തിച്ചത്. 12 മത്സരങ്ങളില്‍ ഏഴും തോറ്റ മുംബൈയുടെ പ്ലേഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചു
169 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് തുടക്കത്തിലെ ഡാര്‍സി ഷോര്‍ടിനെ നഷ്ടമായി. അജിങ്ക്യാ രഹാനെയെ കൂട്ടുപിടിച്ച് ബട്ലര് തകര്‍ത്തടിച്ചതോടെ മുംബൈ കളി കൈവിട്ടു. രഹാനെ 37 റണ്‍സുമായി മടങ്ങിയപ്പോള്‍ സഞ്ജു ബട്ലര്ക്ക് മികച്ച പിന്തുണ നല്കി. സഞ്ജു 26 റണ്‍സ് എടുത്ത് മടങ്ങി. 53 പന്തില്‍ ഒന്‍പത് ബൗണ്ടറികളും അഞ്ച് സിക്സറുകളും ഉള്‍പ്പെടെ 94 റണ്‍സാണ് ബട്ലര് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് സൂര്യകുമാര്‍ യാദവും എവിന്‍ ലൂയിസും മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യനിരയ്ക്ക് മുതലാക്കാനായില്ല. എവിന്‍ 60 ഉം യാദവ് 38 ഉം റണ്‍സ് എടുത്തു. രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ പുറത്തായി. അവസാന ഓവറുകളില്‍ കണിശതയോടെ പന്തെറിഞ്ഞ രാജസ്ഥാന് ബൗളര്‍മാര്‍ മത്സരം തങ്ങളുടെ വരുതിയില്ലാക്കുകയായിരുന്നു.















