ന്യൂഡല്‍ഹി: രാജ്യത്തെ യുവജനങ്ങള്‍ ജോലി അന്വേഷിക്കുന്നവരില്‍ നിന്നും ജോലി നല്കുന്നവരായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്റ്റാര്‍ട്ടപ്പുകളും മറ്റും തുടങ്ങുന്ന യുവസംരംഭകരോടു സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ യുവാക്കളുടെ രാജ്യമാണ്. ഇന്നത്തെ യുവാക്കള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്കുന്നവരായി മാറിക്കഴിഞ്ഞു. മൂന്ന് സി-കളാണ് സ്റ്റാര്‍ട് അപ്പുകള്‍ വിജയിക്കാന്‍ വേണ്ടത്. ക്യാപ്പിറ്റല്‍(മൂലധനം), കറേജ്(ധൈര്യം), കണക്ടിങ് വിത്ത് പീപ്പിള്‍(ജനങ്ങളുമായുള്ള ബന്ധം). കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങണം. കൂടുതല്‍ യുവാക്കളെ ഇതിനായി ക്ഷണിക്കുകയാണ്. കൃഷി മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ യുവാക്കള്‍ക്ക് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത്. വലിയ നഗരങ്ങളില്‍ മാത്രമല്ല, ചെറിയ ടൗണുകളിലും ഗ്രാമങ്ങളിലും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ പണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേന്ദ്ര ഗവണ്മെന്റ് ‘ഫണ്ട് ടു ഫണ്ട്’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കൂടുതല്‍ യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വരും. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിയമപരമായ സഹായങ്ങള്‍ ചെയ്തു നല്കാന് ഒരു ടീമിനെ ഉണ്ടാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഡ്, ആസാം, പഞ്ചാബ് എന്നിവിടങ്ങളിലെ യുവസംരംഭകരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്. നമോ ആപ്പ് വഴിയാണ് പ്രധാനമന്ത്രി യുവാക്കളുമായി സംസാരിച്ചത്. ഇതിനു പുറമെ തുത്തുക്കുടിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.