തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ആഭ്യന്തര കലഹം രൂക്ഷമായ പശ്ചാത്തലത്തില്‍ പോലീസ് സേനയുടെ ഉന്നതതല യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പോലീസിലെ ദാസ്യപ്പണി വിവാദം ഉള്‍പ്പെടെ ചര്‍ച്ചയാകും. പോലീസ് സേന സര്‍ക്കാരിന് നിരന്തരം നാണക്കേട് വരുത്തുന്ന സാഹചര്യത്തില്‍ എങ്ങനെയും പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് യോഗ ലക്ഷ്യം.
വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ ദുരഭിമാനക്കൊല, കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം, തീയേറ്റര്‍ പീഡനക്കേസ് തുടങ്ങിയവ വിഷയങ്ങളും ചര്‍ച്ചയായേക്കും. എസ്.പി റാങ്ക് മുതലുള്ള ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അഭിപ്രായങ്ങള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായകണമെന്ന് ഡിജിപി അറിയിച്ചിട്ടുണ്ട്. രാവിലെ പത്തുമണിക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പോലീസ് സേനയുടെ ഭാഗത്തു നിന്നും നിരന്തര വീഴ്ച്ചകളാണ് സംഭവിക്കുന്നത്. വരാപ്പുഴയില്‍ നിരപരാധിയായ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം സേനയുടെ അന്തസിന് കളങ്കമുണ്ടാക്കി. കെവിനെ രക്ഷിക്കാന്‍ കഴിയുമെന്നിരിക്കെ പോലീസ് അതിന് തയ്യാറായില്ല. വിദേശ വനിതയെ കണ്ടെത്തുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായി. പോലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജന്‍സ് കണ്ടെത്തലും സാധാരണ ജനങ്ങളില്‍ വലിയ അവമതിപ്പാണുണ്ടാക്കിയത്. ഇതിനിടയിലാണ് ദാസ്യപ്പണി വിവാദം പൊലീസ് സേനയെ വീണ്ടും വിവാദത്തിലാക്കിയത്.
ഇതോടെ ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്ന വിലയിരുത്തല്‍ ഉയര്‍ന്നതോടെയാണ് ഉന്നതതല യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. പോലീസിലെ പ്രശ്നങ്ങള്‍ കാരണം നിയമസഭയില്‍ പോലും ഉത്തരംമുട്ടിയ പിണറായി വിജയന്റെ ചെറുത്തു നില്‍പ്പിനുള്ള ശ്രമം കൂടിയാകും ഇന്നത്തെ യോഗം. യോഗാനന്തരം സമീപ ദിവസങ്ങളില്‍ തന്നെ സേനയില്‍ ഉന്നതതല അഴിച്ചുപണിക്കും സര്‍ക്കാര്‍ പദ്ധതിയിടന്നതായാണ് സൂചന.