അബുദാബി: പാര്‍പ്പിട നിയമലംഘനം നടത്തിയ 800ഓളം ആളുകള്‍ക്ക് അബുദാബി കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞ 30 മാസത്തിനിടയില്‍ വില്ലകളും ഫ്ളാറ്റുകളും ഒന്നിലധികം കുടുംബങ്ങളുമായി അനധികൃതമായി പങ്ക് വച്ചവര്‍ക്കാണ് ശിക്ഷയെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി.
നിലവില്‍ ഒരു കുടുംബത്തിന് മാത്രമാണ് ഫ്ളാറ്റുകളിലും വില്ലകളിലും താമസിക്കാന്‍ അനുവാദമുള്ളത്. എന്നാല്‍ ഇതിനെ മറികടന്ന് ഫ്ളാറ്റ് ഒന്നോ, ഒന്നിലധികമോ കുടുംബങ്ങള്‍ക്ക് വാടകക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയവരാണ് നിയമക്കുരുക്കില്‍ പെട്ടത്.
10,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം വരെയാണ് പാര്‍പ്പിട നിയമലംഘനങ്ങളുടെ പിഴ സംഖ്യ. എന്നാല്‍ നിയമലംഘനങ്ങളുടെ തോതനുസരിച്ച് ഇത് രണ്ട് ലക്ഷം ദിര്‍ഹം വരെയാവാമെന്ന് ബനിയാസ് പ്രോസിക്യൂഷന് ഡയറക്ടര്‍ കൗണ്‍സിലര്‍ മുഹമ്മദ് റാഷിദ് അല്‍ ദന്‍ഹാനി പറഞ്ഞു. ബാച്ചിലര്‍ താമസ സ്ഥലങ്ങളില്‍ ഒരു റൂമില്‍ പരമാവധി മൂന്നു പേരില്‍ കൂടുതല്‍ പേരെ താമസിപ്പിക്കരുതെന്ന് മുനിസിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ മോശം അവസ്ഥയില്‍ ആളുകളെ താമസിപ്പിച്ച കെട്ടിട ഉടമകള്‍ക്കെതിരെ അബുദാബി മുനിസിപ്പാലിറ്റി പിഴ ചുമത്തിയിരുന്നു.