കുവൈറ്റ്: കുവൈറ്റിലെ ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 28 വയസ്സ്. 1990 ആഗസ്റ്റ് 2 നാണ് സദ്ദാം ഹുസൈന്റെ സൈന്യം കുവൈറ്റിലേക്ക് ഇരച്ചുകയറിയത്. ഇറാഖിന്റെ 19ാമത് ഗവര്‍ണേറ്റ് ആക്കുകയെന്ന സദ്ദാമിന്റെ ശ്രമത്തെ കുവൈറ്റ് സഖ്യസൈന്യത്തിന്റെ പിന്‍ബലത്തോടെ അതീജീവിക്കയായിരുന്നു.
28 വര്‍ഷങ്ങള്‍ക്ക് ശേഷവും അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകള്‍ ഓരോ കുവൈത്തിയുടേയും ഓര്‍മ്മയിലുണ്ട്. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യാക്കാര്‍ അധിനിവേശത്തിന്റെ ദുരിതം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇന്ന് ഇറാഖിനെ സഹായിക്കുന്ന രാജ്യമായാണ് കുവൈറ്റ് അറിയപ്പെടുന്നത്. ഒരാഴ്ച മുന്‍പാണ് വെദ്യുതിക്ഷാമം നേരിടുന്ന ഇറാഖില്‍ കുവൈറ്റ് എണ്ണയും ജനറേറ്ററുകളും എത്തിച്ചത്. 28വര്‍ഷം മുന്‍പ് കുവൈറ്റിന്റെ 800ഓളം എണ്ണക്കിണറുകള്‍ തീയിട്ടു നശിപ്പിച്ച രാജ്യത്തിന്റെ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനാണ് ഇന്നിപ്പോള്‍ കുവൈത്ത് എണ്ണ നല്‍കിയിരിക്കുന്നത്.
ഇറാഖ് അധിനിവേശത്തിന്റെ 28ാം വാര്‍ഷികത്തിന്റെ തലേന്നു തന്നെ ഇറാഖ് വൈസ് പ്രസിഡന്റ് കുവൈറ്റ് സന്ദര്‍ശനം നടത്തിയിരുന്നു. സദ്ദാമിന്റെ നേതൃത്വത്തിലുണ്ടായ അധിനിവേശം വിതച്ച വിഡ്ഢിത്തങ്ങള്‍ ഇല്ലായ്മ ചെയ്യുകയാണ് തങ്ങളെന്ന് ഇറാഖ് ഗവണ്മെന്റ് വക്താവ് സാദ് അല്‍ ഹദീസി വ്യക്തമാക്കി. കഴിഞ്ഞതെല്ലാം മറന്ന് ഇരുരാജ്യങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇറാഖിനെ സഹായിക്കാനുള്ള രാജ്യാന്തര സമ്മേളനം നടത്തിയ കുവൈത്ത് ശക്തമായ പിന്തുണയാണ് ഇറാഖിനു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖില്‍ നിലവിലുള്ള സൈന്യം സദ്ദാം ഹുസൈന്റെ കാലത്തെ സൈന്യത്തില്‍ നിന്നും വ്യത്യസ്തമാണെന്നും യുദ്ധകാലത്ത് കാണാതായ കുവൈത്തികളെ കണ്ടെത്തുന്നതിനുള്ള ശ്രമം സൈന്യം തുടരുന്നുണ്ടെന്നും സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ അബ്ദുല്‍ റസൂല്‍ പറഞ്ഞു.