ഇന്നോവയെ വെല്ലുവിളിക്കാൻ അവൻ വരുന്നു : മറാസോ

Published by
Janam Web Desk

വമ്പന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്പോർട്സ് വിവിധോദ്ദേശ്യ വാഹനങ്ങളിൽ തോൽപ്പിക്കാൻ കഴിയാത്ത കരുത്തനാണ് ടോയോട്ട ഇന്നോവ. മഹീന്ദ്ര സൈലോ , ഷെവർലെ ടവേര . ടാറ്റ ആര്യ , റെനോ ലോഡ്ജി തുടങ്ങിയവർ വന്നു നിന്നു പോയെങ്കിലും ഇന്നോവയുടെ സ്ഥാനത്തിന് ഒട്ടും ഇളക്കമുണ്ടായില്ല. വിലക്കൂടുതലും കുറഞ്ഞ മൈലേജുമാണെങ്കിലും ഇന്നും ഇന്നോവ തന്നെയാണ് വിവിധോദ്ദേശ്യ കാറുകളിൽ മുൻപന്തിയിൽ.

ചരിത്രമാറ്റത്തിന് തുടക്കം കുറിച്ച് ടാറ്റ ഹെക്സയുമായി എത്തിയിട്ടുണ്ടെങ്കിലും ഇന്നോവയ്‌ക്ക് വെല്ലുവിളിയാകാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തുന്നത്. എന്തായാലും ഈ മേഖലയിലേക്ക് മത്സരിക്കാൻ സാക്ഷാൽ മഹീന്ദ്രയും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. മറാസോ എന്ന പുതിയ മോഡൽ ഇന്നോവയ്‌ക്ക് വെല്ലുവിളിയാകുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

കഴിഞ്ഞ നാലു വർഷമായി ആയിരത്തഞ്ഞൂറു കോടി മുടക്കി ഗവേഷണങ്ങൾ നടത്തിയാണ് മഹീന്ദ്ര മറാസോ നിരത്തിലിറക്കുന്നത്. ഇറ്റാലിയൻ ഡിസൈൻ ടീമാണ് മറാസോ രൂപകൽപ്പന ചെയ്തത്. 1.5 ലിറ്റർ ഡീസൽ എഞ്ചിന്റെ ശക്തിയിൽ നിരത്ത് കീഴടക്കാനെത്തുന്ന മറാസോയുടെ വില 9.9 ലക്ഷം മുതൽ 13.9 ലക്ഷം വരെയുണ്ടാകും. 2020 ൽ പെട്രോൾ വേരിയന്റ് ഉണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. സീറ്റുകളുടെ എണ്ണത്തിൽ 7-8 എന്നീ രണ്ട് വേരിയന്റുകളാണുള്ളത്.

3500 ആർ.പി.എമ്മിൽ 121 എച്ച്.പി എഞ്ചിൻ കരുത്തുള്ള മസാറോയ്‌ക്ക് 4585 മി.മീറ്റർ നീളവും 1866മി.മീറ്റർ വീതിയുമുണ്ട്.1774 മി.മീറ്ററാണ് പൊക്കം.45 ലിറ്റർ ആണ് ടാങ്ക് കപ്പാസിറ്റി. ആദ്യ മൂന്ന് വേരിയന്റുകളിൽ 16 ഇഞ്ചും ടോപ് മോഡലിനു 17 ഇഞ്ചുമാണ് ടയറുകൾ . എല്ലാ വേരിയന്റുകൾക്കും ഡ്രൈവർക്കും മുന്നിലിരിക്കുന്ന ആൾക്കും എയർബാഗുണ്ട്.എം.2,4,6,8 ആണ്` വേരിയന്റുകൾ . ഇതിൽ ടോപ് മോഡലിൽ മാത്രമാണ് ഓട്ടോമാറ്റിക് ക്ളൈമറ്റ് കൺട്രോൾ ഉള്ളത്. ഇതുവരെ ആരും അവതരിപ്പിക്കാത്ത സറൗണ്ട് കൂൾ ടെക്നോളജി മറാസോയുടെ സവിശേഷതയായി കമ്പനി അവതരിപ്പിക്കുന്നു. 167 മി.മീറ്റർ ഗ്രൗണ്ട് ക്ളിയറൻസുള്ള മറാസോ ലിറ്ററിന് 17.3 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സെഡാൻ കാറുകളല്ല എസ്‌യുവികൾ മാത്രമാണ് മഹീന്ദ്ര ഉന്നം വെക്കുന്നതെന്ന് ചെയർമാൻ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. നേരത്തെ എസ്‌യുവികളിൽ അൻപത് ശതമാനവും കയ്യടക്കിയിരുന്ന മഹീന്ദ്രക്ക് ഇപ്പോൾ വെറും 25 ശതമാനമേ കയ്യിലുള്ളൂ . പോയതൊക്കെ തിരിച്ചു പിടിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

Share
Leave a Comment