തിരുവനന്തപുരം: മണ്ഡല മകര വിളക്ക് സീസണില്‍ ശബരിമല ബേസ് ക്യാമ്പ് നിലക്കല്‍ ആക്കാന്‍ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ശബരിമല അവലോകനയോഗത്തിലാണ് തീരുമാനമായത്.
പമ്പയെ പുനര്‍ നിര്‍മ്മിക്കുന്നതിനായി അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും ആവശ്യമായ പണം എവിടുന്ന് കണ്ടെത്തുമെന്നതില്‍ തീരുമാനമായില്ല. ദേവസ്വം ബോര്‍ഡ് തുക കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഹൈക്കോടതി തീരുമാനം അനുസരിച്ച് ഇരുപത് ലക്ഷം രൂപയില്‍ കൂടുതല്‍ ദേവസ്വം ബോര്‍ഡിന് ചിലവഴിക്കാനാകില്ല. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സമയ ബന്ധിതമായി പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല.
പമ്പ ഹില്‍ ടോപ്പില്‍ നിന്ന് ഗണപതി ക്ഷേത്രത്തിലേക്ക് പാലം നിര്‍മ്മിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ശബരിമല അവലോകന യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി 22 കോടി രൂപ ചിലവ് വരുമെന്നും ദേവസ്വം വ്യക്തമാക്കി. ഇതിനോട് അനുഭാവ പൂര്‍വമായ നിലപാടാണ് സര്‍ക്കാര്‍ കൈ കൊണ്ടത്. നിലക്കല്‍ നിന്നും പമ്പവരെ കെ എസ് ആര് ടി സി സര്‍വീസ് നടത്താനും തീരുമാനമായി.