ന്യൂഡൽഹി : ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിന്റെ ഏറ്റവും വില കുറഞ്ഞ വാൻടേജ് സ്പോട്സ് കാർ ഇന്ത്യയിലെത്തി. 2.95 കോടി എക്സ് ഷോറൂം വിലയുള്ള കാറാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. മെഴ്സിഡസ് എഎംജി- ജിടി, ഓഡി ആർ.8 വി 10 , പോർഷെ 911 ടർബോ എന്നിവയാണ് ഈയിനത്തിൽ ആസ്റ്റൺ മാർട്ടിന്റെ എതിരാളികൾ.
കമ്പനിയുടെ ജനപ്രിയ മോഡലായ ഡിബി11 ന്റെ പ്ളാറ്റ് ഫോമിലാണ് പുതിയ കാറും രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1530 കിലോ ഭാരമുള്ള സ്പോട്സ് കാറിന് 4 ലിറ്റർ മെശ്സിഡസ് എഎംജി എം 177 ട്വിൻ ടർബോ എഞ്ചിനാണ്. 3.6 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ സ്പീഡിലെത്തും. പരമാവധി വേഗം മണിക്കൂറിൽ 313 കിലോമീറ്റർ.
വൾകൻ സൂപ്പർ കാറിന്റെ മോഡലാണ് പുതിയ സ്പോട്സ്കാറിന് മാതൃകയാക്കിയിരിക്കുന്നത്.122 എം.എം ഗ്രൗണ്ട് ക്ളിയറൻസുമുണ്ട്. 8 സ്പീഡ് ഗിയർ ഓട്ടോമാറ്റിക്കും 7 സ്പീഡ് മാനുവലുമാണ് കാറിനുള്ളത്. 4465 മില്ലിമീറ്റർ നീളമുള്ള കാറിന് 1943 എം.എം വീതിയും 1272 എംഎം ഉയരവുമുണ്ട്.2019 ആദ്യം മുതൽ കമ്പനി വിൽപ്പന ആരംഭിക്കും. 20 കാറുകളാകും ആദ്യം ഇന്ത്യയിലെത്തുക . ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.