Vehicle

എയർ ബാഗില്ലാത്ത ഇന്ത്യൻ ജനപ്രിയ കാറുകളുടെ ക്രാഷ് ടെസ്റ്റിലെ പ്രകടനം ദയനീയം : എയർ ബാഗുള്ളവയിൽ പുലി നെക്സോണും ബ്രെസയും

ക്രാഷ് ടെസ്റ്റിൽ ഇന്ത്യൻ നിരത്തുകളിലെ സാധാരണക്കാരുടെ കാറുകൾ പൂർണ പരാജയമെന്ന് ഗ്ളോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാമിന്റെ വിലയിരുത്തൽ.എയർ ബാഗില്ലാത്ത ഇന്ത്യൻ കാറുകൾ ക്രാഷ് ടെസ്റ്റിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ വിവരങ്ങൾ സംഘടന പുറത്തുവിട്ടു. പൊതു സുരക്ഷിതത്ത്വത്തിനും പൊതുജനാരോഗ്യത്തിനും അനുയോജ്യമായ വാഹനങ്ങളെപ്പറ്റി പഠനം നടത്തി പ്രസിദ്ധീകരിക്കുന്ന സംഘടനയാണ് ഗ്ളോബൽ എൻ.സി.എ.പി

2 എയർബാഗുള്ള കാറുകൾ മികച്ച നിലവാരം പുലർത്തുന്നുവെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.2018 ൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് ടാറ്റയുടെ പുതിയ മോഡൽ കാറായ നെക്സോണാണ്. മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിലായിരുന്നു ടെസ്റ്റ് നടത്തിയത്. 17 പോയിന്റിൽ 13.56 നേടാൻ നെക്സോണിനായി. 4 സ്റ്റാർ റേറ്റിംഗും ലഭിച്ചു. പിൻ സീറ്റിൽ ഇരിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തിൽ നെക്സോൺ 3 സ്റ്റാർ റേറ്റിംഗ് നേടി.

ടയോട്ട എറ്റിയോസും ക്രാഷ് ടെസ്റ്റിൽ മോശമാക്കിയില്ല. 4 സ്റ്റാർ റേറ്റിംഗും പതിനാറിൽ പതിമൂന്ന് പോയിന്റും എറ്റിയോസ് നേടി. പിൻസീറ്റിലിരിക്കുന്ന കുട്ടികളുടെ സുരക്ഷിതത്വത്തിൽ 2 സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്. ഈ ടെസ്റ്റ് 2016 ലായിരുന്നു നടന്നത് ടാറ്റ സെസ്റ്റിന് ഇത് യഥാക്രമം 4 സ്റ്റാറും 11.15 പോയിന്റുമാണ്. കുട്ടികളുടെ കാര്യത്തിൽ സെസ്റ്റിന് 2 സ്റ്റാർ റേറ്റിംഗേ ലഭിച്ചുള്ളൂ.

മാരുതിയുടെ ബ്രേസ ഉന്നത നിലവാരം പുലർത്തുന്നുവെന്ന് ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 12.51 പോയിന്റ് നേടിയ ബ്രേസ 4 സ്റ്റാർ റേറ്റിംഗും സ്വന്തമാക്കി. എന്നാൽ കുട്ടികളുടെ കാര്യത്തിൽ 2 സ്റ്റാർ റേറ്റിംഗേ ബ്രേസക്ക് ലഭിച്ചുള്ളൂ. അതേസമയം കാറിന്റെ ബോഡി ക്രാഷ് ടെസ്റ്റിൽ സ്ഥിരത പ്രകടിപ്പിച്ചു. ഫോക്സ്‌വാഗൺ പോളോയും മികച്ച നിലവാരം പുലർത്തി. എന്നാൽ ഹോണ്ട മൊബിലിയോയും ഫോർഡ് അസ്പയറും ശരാശരി നിലവാരമാണ് പുലർത്തിയത്.

എയർബാഗുകളില്ലാത്ത എല്ലാ കാറുകളും യാത്ര ചെയ്യുന്നവർക്ക് യാതൊരു സുരക്ഷിതത്വവും നൽകുന്നില്ലെന്ന് ക്രാഷ് ടെസ്റ്റിൽ വ്യക്തമായി . റെനോ ക്വിഡ് പതിനേഴിൽ പൂജ്യം പോയിന്റാണ് നേടിയത്. മാരുതി അൾട്ടോയും ഹ്യൂണ്ടായ് ഇയോണും പൂർണമായും പരാജയപ്പെട്ടു. ഇവർക്കും പൂജ്യം പോയിന്റാണ് ലഭിച്ചത്. എയർ ബാഗുകളില്ലാത്ത റെനോ ഡസ്റ്ററിന്റെയും മഹീന്ദ്ര സ്കോർപ്പിയോയുടേയും സ്ഥിതിയും വ്യത്യസ്തമല്ല.
2018 ൽ ടെസ്റ്റ് ചെയ്ത റെനോ ലോഡ്ജി ദയനീയ പ്രകടനമാണ് കാഴ്ച്ചവച്ചത്. പതിനേഴിൽ പൂജ്യം പോയിന്റാണ്‌ എയർബാഗുകളില്ലാത്ത ലോഡ്ജിക്ക് ലഭിച്ചത്.

സുസുകി ബ്രെസയുടെ പ്രകടനം പ്രത്യേകം പ്രശംസ നേടി. കേന്ദ്രസർക്കാരിന്റെ പുതിയ നിയമങ്ങളാണ് ഇത് സാദ്ധ്യമാക്കിയതെന്ന് ഗ്ളോബൽ എൻസി‌എ‌പി സെക്രട്ടറി ജനറൽ ഡേവിഡ് വാർഡ് പറഞ്ഞു. പുതിയ മോഡലുകൾക്ക് 2017 മുതൽ അന്താരാഷ്ട്ര നിലവാരത്തിൽ ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കിയത് നിലവാരം കൂട്ടിയെന്ന് വാർഡ് ചൂണ്ടിക്കാട്ടുന്നു. 2019 മുതൽ എല്ലാ കാറുകളും ക്രാഷ് ടെസ്റ്റിൽ വിജയിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെയും വാർഡ് സ്വാഗതം ചെയ്തു.

മാരുതി ബ്രെസ ക്രാഷ് ടെസ്റ്റ് വീഡിയോ ..

565 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close