തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ കോൺഗ്രസ് നേതാവ് ശബരിനാഥൻ നേരത്തെ നടത്തിയ ഒരു പ്രസ്താവന വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
ഞങ്ങളുടെ കൊക്കിൽ ജീവനുണ്ടെങ്കിൽ സുഗതൻ കൗൺസിലറാകില്ല, എന്നായിരുന്നു അന്ന് ശബരിനാഥൻ നടത്തിയ വെല്ലുവിളി. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ചൊവ്വാഴ്ച സുഗതൻ വീണ്ടും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ആ വീഡിയോയും പ്രസ്താവനയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നത്.
സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾക്കൊപ്പം പഴയ പ്രസ്താവന ചേർത്ത് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ പങ്കുവെക്കുന്നത്. ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? ശബരിനാഥന്റെ കൊക്കിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു..എന്നിങ്ങനെ പോകുന്നു കമൻറുകൾ.
സുഗതന്റെ ജനപ്രതിനിധിയെന്ന നിലയിലെ അവകാശം സംരക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ സത്യപ്രതിജ്ഞ നടത്താൻ അനുമതി നൽകിയത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് സുഗതൻ വീണ്ടും കൗൺസിലറായി ചുമതലയേറ്റത്. സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിയിരുന്ന റിലേ സത്യാഗ്രഹവും അവസാനിപ്പിച്ചിട്ടുണ്ട്.















