മനാമ: ബഹ്റൈന്‍ കേരള സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (എന്‍.എസ്.എസ്) വിപുലമായ പരിപാടികളോടെ നവരാത്രി മഹോത്സവം ‘ശാക്തേയം 2018’ എന്ന പേരില്‍ ഒക്ടോബര്‍ 10 മുതല്‍ 10 ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് പ്രസിഡന്റ് പമ്പാവാസന്‍ നായര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി സോപാന സംഗീതം, കഥാപ്രസംഗം, സംഗീത സദസ്, നൃത്ത നൃത്യങ്ങള്‍, കാവ്യാലാപനം, നാടന്‍ പാട്ട് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും. ഗാനരചയിതാവും കവിയുമായ ഒ.എസ്. ഉണ്ണികൃഷ്ണന് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.ഒക്ടോബര്‍ 19ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് എഴുത്തിനിരുത്തല്‍ ചടങ്ങും നടക്കും. വി.ആര്.സത്യദേവിന്റെ നേതൃത്വത്തില്‍ ചിത്രകലാ പരിശീലനത്തിനായി ചിത്രാരംഭവും നടക്കും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം ഒ.എസ്.ഉണ്ണികൃഷ്ണന് ഉത്ഘാടനം ചെയ്യും.
ബാലചന്ദ്രന് കൊന്നക്കാടിന്റെ ‘രുദ്രവീണ’ കവിതാസമാഹാരത്തിെന്റ പ്രകാശനവും ശാക്തേയം സമാപനവേദിയില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 13ന് കെ.സി.എ യില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പി.ടി നരേന്ദ്ര മേനോന്, സുകുമാരി നരേന്ദ്ര മേനോന് എന്നീ വ്യക്തികളെ ആദരിക്കും. തുടര്‍ന്ന് സുകുമാരി നരേന്ദ്ര മേനോന്റെ സംഗീത കച്ചേരി ഉണ്ടായിരിക്കും.’കളമെഴുത്തും പാട്ട്’ ബഹറിനില്‍ ആദ്യമായി അരങ്ങേറുന്നു എന്നത് ശാക്തേയം 2018 ന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ 18 വ്യാഴാഴ്ച വൈകിട്ട് ഇസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന കളമെഴുത്തിനു കളമെഴുത്തു കലാകാരനായ ശ്രീ. കല്ലാറ്റ് മണികണ്ഠനും സംഘവും നേതൃത്വം നല്‍കും.