ശ്രീനഗർ: 15 ഗ്രാമങ്ങളിലെ ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമായി ജമ്മു കശ്മീരിൽ ഒരു പാലം. ദർഹലി നദിക്ക് കുറുകെയാണ് ജനങ്ങളുടെ യാത്ര സുഗമാമാക്കാനായി പുതിയ പാലം തീർത്തിരിക്കുന്നത്.
ദർഹലി നദിക്ക് കുറുകെ പ്രധാനമായും രജൗരി, ദർഹാൽ പട്ടണങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം. ഇരുപട്ടണങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നാട്ടുകാർക്ക് വലിയ ആശ്വാസമാകുകയാണ്. പാലം നിർമ്മിച്ചതോടെ മറ്റൊരു വലിയ പ്രശ്നത്തിനുകൂടിയാണ് പരിഹാരമാകുന്നത്.
യാത്രാ സൗകര്യമില്ലാതെ ദർഹാൽ നഗരത്തിലെ ഒരു സ്കൂളിൽ നിന്ന് കുട്ടികൾ അധികമായി പിരിഞ്ഞ് പോയിരുന്നു. കൂടുതലായും പെൺകുട്ടികളാണ് സ്കൂൾ മാറി പോയിരുന്നത്. പാലത്തിന്റെ അഭാവമാണ് ഇതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നത്.
വിദ്യാർത്ഥികളുടെ പ്രശ്നത്തിന് പരിഹാരമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരിപ്പോൾ. മഴയുള്ള സമയങ്ങളിൽ നദിയിലൂടെയുള്ള യാത്ര തദ്ദേശവാസികൾക്കും വിദ്യാർത്ഥികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രദേശത്തെ 15 ഗ്രാമവാസികളുടെ ആശങ്കകൾക്കാണ് പാലം എത്തിയതോടെ പരിഹാരമായത്.