പുതുമുഖങ്ങളുടെ ‘നോണ്‍സെന്‍സ്’

Published by
Janam Web Desk

നവാഗതനായ എം സി ജിതിന്‍ സംവിധാനം ചെയ്ത് ജോണിസാഗരിക നിര്‍മ്മിച്ച് ചിത്രമാണ് നോണ്‍സെന്‍സ്. ആല്‍ബങ്ങളിലൂടെ ശ്രദ്ധേയനായ റിനോഷ് ജോര്‍ജ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

നോണ്‍സെന്‍സ് എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന ചിത്രമെന്നു വേണമെങ്കില്‍ ഒറ്റ വാക്കില്‍ പറയാം. കാരണം സൈക്കിള്‍ സ്റ്റണ്ട് അഥവാ ബി എം എക്‌സ് (ബൈസൈക്കിള്‍ മോട്ടോക്രോസ്) എന്ന പേരില്‍ അറിയപ്പെടുന്ന സൈക്കിള്‍ സ്‌പോര്‍ട്ടിനെ പ്രമേയമാക്കിയ ചിത്രം ബി എം എക്‌സിനെക്കുറിച്ചു ഒന്നും തന്നെ പറയുന്നില്ല. നായകന്‍ ഇതില്‍ ഉള്ള ക്‌റേസ് മാത്രമേ പറയുന്നുള്ളൂ. ഒരു ഷോര്‍ട്ട് ഫിലിമിന്റെ വികസിത പതിപ്പെന്നു വേണമെങ്കില്‍ പറയാവുന്ന ചിത്രം.

ബി എം എക്‌സില്‍ താത്പര്യം ഉള്ള അരുണ്‍ (റിനോഷ് ജോര്‍ജ്) ആണ് ഇതിലെ കേന്ദ്ര കഥാപാത്രം. പ്രണയവും സുഹൃദ് ബന്ധങ്ങളും സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ചിത്രം ഒരു പന്ത്രണ്ടാംക്ലാസുകാരന്റെ ജീവിത വീക്ഷണങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. എപ്പോഴും കുഴപ്പത്തില്‍ ചെന്നു ചാടുന്ന അധ്യാപകരുടെ കണ്ണല്‍ കരടായ അരുണ്‍ സ്‌കൂളില്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഒരു പരിധി വരെ രസകരമായി അവതരിപ്പിക്കാന്‍ സംവിധായകനു കഴിഞ്ഞു.

ഒരു ഹര്‍ത്താല്‍ ദിനത്തില്‍ അരുണിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു. ഹര്‍ത്താല്‍ പൊതു സമൂഹത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചിത്രം വരച്ചു കാട്ടുന്നു. രാഷ്‌ട്രീയ പാര്‍ട്ടിക്കാരുടെ സ്വാര്‍ത്ഥതയും വര്‍ഗ്ഗീയ കലാപങ്ങളും ചിത്രം തുറന്നു കാട്ടുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായി വിനയ് ഫോര്‍ട്ട് മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്നു. കൂടാതെ ലാലു അലക്‌സ്, ഊര്‍മ്മിള ഉണ്ണി, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിലുടനീളം അന്തരിച്ച മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ജീവിത വീക്ഷണം പ്രതിപാദിച്ചിരിക്കുന്നു.

ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി പഠിക്കുന്നത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍ എന്ന ആശയത്തിന് ഊന്നല്‍ നല്കി അവസാനിപ്പിച്ചിരിക്കുന്നു.

നിറപ്പകിട്ടാര്‍ന്ന ഷോട്ടുകളും ഉദ്വേഗ നിമിഷങ്ങളും അധികം ഇല്ലാത്ത ഒരു സാമാന്യ ചിത്രമായേ വിലയിരുത്താനാകൂ.

Share
Leave a Comment