ടൊയോട്ടയുടെ ഫോര്‍ച്യൂണറിന് വെല്ലുവിളിയുയര്‍ത്തി മഹീന്ദ്രാ അൾട്ടൂറാസ് G4 ഇന്ത്യന്‍ വിപണിയിലെത്തി. ഇതുവരെ എക്സ്യുവി 500 കൈയ്യടക്കിവെച്ച മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് എസ്യുവി പട്ടം അള്‍ട്ടൂറാസ് G4 ന് അവകാശപ്പെടാം.
ടര്‍ബ്ബോയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് അള്‍ട്ടൂറാസ് G4 ന് കരുത്തേകുക. എഞ്ചിന് 178 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് കമ്പനിയുടെ വാഗ്ദാനം.
1,600 ആര്‍പിഎമ്മില്‍ എഞ്ചിനില്‍ നിന്നും ടോര്‍ക്ക് ഇരച്ചെത്തും. 2ഡബ്ലുയുഡി ലോ, 4ഡബ്ലിയുഡി ലോ, 4ഡബ്ലിയുഡി ഹൈ എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാം. ഇതിനുപുറമെ പ്രത്യേക വിന്റര്‍, സമ്മര്‍ ഫംങ്ഷനുകളും മോഡലിലുണ്ട്. ആഡംബരം ഉറപ്പു വരുത്തുന്ന സൗകര്യങ്ങള്‍ ധാരാളം അവകാശപ്പെടാവുന്ന മോഡലില്‍ ഡ്രൈവര്‍സീറ്റ് 8 രീതിയില്‍ ക്രമീകരിക്കാം.
7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്ട്രോള് എസി സംവിധാനം അതിവേഗം ക്യാബിന് തണുപ്പിക്കും. ബൂട്ട് സ്പേസിന്റെ കാര്യത്തില്‍ അൾട്ടൂറാസ് പിന്നിലാവാനാണ് സാധ്യത. റിമോട്ട് ഉപയോഗിച്ച് ബൂട്ട് തുറക്കാനാകുമെന്നത് വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
അൾട്ടൂറാസിന്റെ എബിഎസ്+ഇബിഡി ബ്രേക്കിംഗ് മികവ് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഓണ്‍ റോഡ് 30 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇക്കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിലാണ് മഹീന്ദ്ര അൾട്ടൂറാസ് പുറത്തിറക്കിയത്. സാങ്ങ്യോങ്ങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറ മോഡലായി ഇന്ത്യയിലെത്തുന്ന അൾട്ടൂറാസ് വിപണി പിടിച്ചെടുക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.