ആഡംബര എംപിവികളുമായി 2019 ബെന്‍സ് വി ക്ലാസ് വിപണിയിലെത്തി. രണ്ട് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ആഡംബര എംപിവി ഇല്ലെന്നതിനാല്‍ വി ക്ലാസിന് രാജകീയ വരവേല്‍പ്പാകും ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. 68.4 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്പ്രഷന്‍ മോഡലിന് കമ്പനി വിലയിട്ടിരിക്കുന്നത്. എസ്ക്ലൂസീവ് മോഡലിന് 81.90 ലക്ഷംരൂപയുമാണ്. സ്പെയിനിലാണ് മോഡല്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ചിരിക്കുന്നത്.
എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് ബിഎസ് VI പിന്തുടരുന്നു. 160 ബിഎച്ച്പി കരുത്തും 380 എന്‍എം ടോര്‍ഖും എഞ്ചിന് പരമാവധി സൃഷ്ടിക്കാനാകും. ഏഴു സ്പീഡുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് മോഡലിന്.
കാഴ്ചയില്‍ വാനിന്റെ രൂപമാണ് വി ക്ലാസിന്. ആറു സീറ്റുള്ള നീളമുള്ള വീല്‍ ബേസ് പതിപ്പാണ് വി-ക്ലാസ് എക്സ്ക്ലൂസീവ് മോഡലിന്. എക്സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റുള്ള നീളമുള്ള വീല്‍ ബേസ് പതിപ്പും.
അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന് വിന്‍ഡ്ഷീല്‍ഡ്, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ വി-ക്ലാസിന്റെ മാറ്റുരയ്ക്കും.
മുന്തിയ തരം ലെതര്‍ വി-ക്ലാസിന്റെ ആഡംബരം പതിന്മടങ്ങാക്കും. മള്‍ട്ടി ഫംങ്ഷന് സ്റ്റീയറിംഗ് വീലാണ് മോഡലുകളില്‍ വാഗ്ദാനം ചെയ്യുന്നത്.
ഇനി സുരക്ഷയുടെ കാര്യം എടുക്കുകയാണെങ്കില്‍ ആറു എയര്‍ബാഗുകളാണ് അകത്തളങ്ങളില്‍.
ഉപഭോക്താവിന് വി ക്ലാസ് ഓടിക്കുമ്പോഴോ പാര്‍ക്ക് ചെയ്യുമ്പോഴോ ആയാസം ഉണ്ടാകാത്ത രീതിയില്‍ അങ്ങയറ്റത്തെ സൗകര്യങ്ങള്‍ നല്കാന് കമ്പനി നന്നായി പരിശ്രമിച്ചിട്ടുണ്ട്. അസിസ്റ്റുകളുടെ ഒരു നീണ്ട നിര തന്നെ മോഡലുകളില്‍ ഉണ്ട്. അറ്റന്ഷന് അസിസ്റ്റ്, ക്രോസ്വിന്‍ഡ് അസിസ്റ്റ്, ഹെഡ്ലാമ്പ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സൗകര്യങ്ങള്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വി ക്ലാസ് നാലു മെറ്റാലിക് നിറങ്ങളില്‍ ലഭ്യമാകും. സില്‍വര്‍, ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ ആഡംബരത്തോടെ റോഡില്‍ നിറഞ്ഞു നില്ക്കും.