Kuwait

ഗുരുദക്ഷിണയായി കലാലയവർണ്ണങ്ങൾ

കുവൈറ്റ്‌ : താള-മേള-നാദ-ലയങ്ങളുടെ മാന്ത്രിക സ്പർശത്തിന്റെ അകമ്പടിയോടുകൂടി ബിഷപ്പ്‌ മൂർ കോളേജ്‌ അലുമ്നി അസ്സോസിയേഷൻ ഒരുക്കിയ ‘കലാലയവർണ്ണങ്ങൾ 2019’ അക്ഷരാർത്ഥത്തിൽ പ്രീയപ്പെട്ട ഗുരുനാഥനു ശിഷ്യഗണങ്ങളുടെ ഗുരുദക്ഷിണയായി മാറി.

1964-ൽ സ്ഥാപിതമായ മാവേലിക്കര ബിഷപ്പ്‌ മൂർ കോളേജിന്റെ തുടക്കം മുതൽ അദ്ധ്യാപകനായി സേവനമാരംഭിച്ച പ്രശസ്ത കാർട്ടൂണിസ്റ്റും ഇംഗ്ലീഷ്‌ വിഭാഗം മേധാവി യുമായിരുന്ന പ്രൊഫ. വി.സി. ജോണിന്‌ മികച്ച അധ്യാപകൻ എന്ന നിലയിലുള്ള ‘ഗുരു ശ്രേഷ്ട പുരസക്കാരം’ ഗൾഫ്‌ യൂണിവേഴ്സിറ്റി സയൻസ്‌-ടെക്നോളാജി വിഭാഗം പ്രൊഫസർ ഡോ. നിലെ ലെൻസ്‌ സമ്മാനിച്ചു. മാവേലിക്കരയുടെ ദത്തുപുത്രനായ അദ്ദേഹത്തെ സാമൂഹ്യപ്രവർത്തകനായ ആർ.സി. സുരേഷ്‌ പൊന്നാടയണിയിച്ച്‌ ആദരിച്ചു. കോളേജിലെ ആദ്യ ബാച്ച്‌ മുതലുള്ള പൂർവ്വവിദ്യാർത്ഥികൾ തങ്ങളുടെ ഗുരുവിന്‌ വെറ്റിലയും അടയ്ക്കയും ദക്ഷിണയായി നൽകി പരമ്പരാഗതമായ രീതിയിൽ ഗുരുവന്ദനം നടത്തി.

Loading...

ജലീബ്‌ സ്മാർട്ട്‌ ഇന്ത്യൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം പ്രൊഫ. വി.സി. ജോൺ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂൾ കുവൈറ്റ്‌ സീനിയർ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ മുഖ്യപ്രഭാഷണം നടത്തി.

അലുമ്നി അസ്സോസിയേഷൻ പ്രസിഡണ്ട്‌ മനോജ്‌ പരിമണം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കലാലയവർണ്ണങ്ങൾ ജനറൽ കൺവീനർ ജെറി ജോൺ കോശി സ്വാഗതവും, ട്രഷറാർ സംഗീത്‌ സോമനാഥ്‌ നന്ദിയും പ്രകാശിപ്പിച്ചു. അസ്സോസിയേഷൻ സെക്രട്ടറി ബാബുഗോപാൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ലോട്ടസ്‌ ട്രേഡിങ്ങ്‌ കമ്പനി ജനറൽ മാനേജർ ആർ.സി. സുരേഷ്‌, പൂർവ്വവിദ്യാർത്ഥികളായ സാം പൈനുംമൂട്‌ (രക്ഷാധികാരി), ഫിലിപ്പ്‌ സക്കറിയ (ഡാൻ ട്രേഡിങ്ങ്‌ കമ്പനി ജനറൽ മാനേജർ), രാജീവ്‌ കോടമ്പള്ളിൽ (പ്രോഗ്രാം ഹെഡ്‌, ജനം ടി.വി., മിഡിൽ ഈസ്റ്റ്‌) എന്നിവർ ആശംസകൾ അർപ്പിച്ചു.
കലാലയ വർണ്ണങ്ങളോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക ഡോ. നിലെ ലെൻസിനു ആദ്യപ്രതി നൽകി കൊണ്ട്‌ പ്രൊഫ. വി.സി. ജോൺ പ്രകാശനം ചെയ്തു.

കോളേജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനുവേണ്ടി പൂർവ്വവിദ്ധ്യാർത്ഥിയായിരുന്ന ശ്രീ. കെ. ശിവന്റെ സ്മരണാർത്ഥം അലുമ്നി അസ്സോസിയേഷനോടൊപ്പം ചേർന്ന് അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ സ്ക്കോളർഷിപ്പിന്റെ വിതരണോത്ഘാടനം ചടങ്ങിൽ പ്രൊഫ. വി.സി. ജോൺ നിർവ്വഹിച്ചു.

പരിപാടിയോടനുബന്ധിച്ച്‌ തെന്നിന്ത്യൻ സംഗീതലോകത്ത്‌ മലയാളത്തിന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഉദയൻ അഞ്ചൽ, ജോസി ആലപ്പുഴ എന്നിവർ നേതൃത്വം നൽകിയ മ്യൂസിക്കൽ ഫ്യൂഷനും, കോളേജിലെ പൂർവ്വവിദ്ധ്യാർത്ഥികളായ രാജീവ്‌ കോടമ്പള്ളിയും, ലേഖാ ശ്യാമും അവതരിപ്പിച്ച സംഗീതനിശയും കലാലയവർണ്ണങ്ങൾക്ക്‌ കൊഴുപ്പേകി.

15 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close