Movie Reviews

ആകാശത്തോളം പറക്കാൻ ഊർജ്ജം പകരുന്ന ഉയരെ

ഹരിത എസ് സുന്ദർ

പെണ്ണിന് അതിരുകളില്ലാതെ സ്വപ്നം കാണാൻ,
ആകാശത്തോളം പറക്കാൻ ഊർജ്ജം പകരുന്നതാണ് മനു അശോകന്റെ “ഉയരെ” എന്ന ചിത്രം.

ഉയരെ എന്നത് ഒരു സ്ത്രീപക്ഷ സിനിമ ആയിട്ടല്ല, ഒരു പ്രണയ ചിത്രമായി കാണാൻ ആണ് എനിക്കിഷ്ടം.

പ്രണയത്തിലും, ജീവിതത്തിലുമൊക്കെ അഡ്ജസ്റ്റ്‌മെന്റ് വേണം എന്ന് വാശി പിടിക്കുന്ന ഒരു ജനതയ്ക്ക് മുന്നിൽ സമരസപ്പെടാത്ത പ്രണയിതാക്കളുടെ കഥ പറയുന്ന സിനിമ.

ഗോവിന്ദ് എന്ന കഥാപാത്രം നമുക്ക് ചുറ്റിലും ഉണ്ട്.
പെണ്ണൊന്ന് ഡാൻസ് ചെയ്താൽ,
അവളുടെ പാവാടയുടെ നീളം കുറഞ്ഞു പോയാൽ,
ബ്ലൗസിന്റെ കഴുത്തൊന്നു ഇറങ്ങി പോയാൽ,
മുടിയുടെ നീളം കുറഞ്ഞാൽ ഒക്കെ കലി തുള്ളുന്ന ഗോവിന്ദന്മാർ നമുക്കിടയിൽ തന്നെയുണ്ട്.

സ്വാർത്ഥത…നീ എന്റെ മാത്രമാണെന്നും, നീ മറ്റൊരാളെ എന്നെക്കാൾ സ്നേഹിക്കുന്നത് ഇഷ്ടമല്ലെന്നും, എപ്പോൾ വിളിച്ചാലും നീ എനിക്ക് വേണ്ടി ഉണ്ടായിരിക്കണമെന്നും, എന്റെ ഇഷ്ടമാണ് നിന്റെ ഇഷ്ടമെന്നും, ഒരായിരം തവണ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്ന സ്വാർത്ഥത. നീ ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് പറയുകയും, മരിക്കുമെന്നും പറയുന്നതും പ്രണയമല്ല. തന്റെ പ്രിയപ്പെട്ടവർക്ക് അവരുടെ “പേർസണൽ സ്പേസ്” കൊടുക്കാതിരിക്കുക, എന്നിട്ട് അവളുടെ നെഞ്ചിൽ ചേർന്ന് കിടന്നു കരയുക. ആണിന്റെ കണ്ണീരിലാണ് പലരും സ്വയം കീഴടങ്ങുന്നത്.

മോഡേൺ വസ്ത്രം ധരിച്ചു, സ്വന്തം സുഹൃത്തുക്കളോടൊപ്പം ഇരുട്ടിൽ വന്നിറങ്ങുന്ന കാമുകിയോട് “ഇവിടെ നിന്നാൽ, തൊലി വെളുത്ത ആണുങ്ങളുടെ ഒപ്പം കിടക്കാലോ” എന്ന് പറയുമ്പോഴാണ് അവൾ പൊട്ടിത്തെറിക്കുന്നത്.
അതുവരെ, അവനു വേണ്ടി എല്ലാവരോടും വാദിച്ച, അവനു വേണ്ടി ഓടിയെത്തിയ അവൾ “എനിക്ക് നിന്നെ പേടിയാണ്, എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം എന്ന് പറയുന്നത്” തിരിച്ചറിവാണ്.

അതുവരെ, അവന്റെ പെരുമാറ്റം “കെയറിങ്” ആണെന്ന് തെറ്റിദ്ധരിച്ച അവൾ, അത് “Possessiveness ” ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം. ആ തിരിച്ചറിവിന് ശേഷമാണ് അവൾ പറയുന്നത് “എനിക്ക് ഞാനാവണം…നീ ആഗ്രഹിക്കുന്ന ഞാനല്ല..ഞാൻ ആഗ്രഹിക്കുന്ന ഞാനാവണം”.. എത്രയോ ശെരിയാണ് അത്. സ്വയം നഷ്ടപ്പെടുത്തൽ അല്ല പ്രണയം.

“Possessiveness ” നെ “Caring ” എന്ന് തെറ്റിദ്ധരിച്ച ഒരുപാട് ആണുങ്ങളും പെണ്ണുങ്ങളും നമ്മോടൊപ്പം ഉണ്ട്. സ്വപ്‌നങ്ങൾ വേണ്ടെന്നു വെച്ച്, ജോലി വേണ്ടെന്ന് വെച്ച്, സന്തോഷം വേണ്ടന്ന് വെച്ച് മറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കുന്നവർ. ആ കുരുക്കിൽ നിന്ന് അവർ രക്ഷപ്പെടാൻ ശ്രമിക്കുകയില്ല.. മരിച്ചു ജീവിച്ചു, ഒരിക്കൽ മരണപ്പെടാൻ വിധിക്കപ്പെട്ടവരാണ് അവരൊക്കെയും..

ഗോവിന്ദന് പല്ലവിയോട് തോന്നിയത് possessiveness ആണ്..
അല്ലെങ്കിൽ എങ്ങനെയാണ്, പ്രണയിച്ച പെണ്ണിന്റെ മുഖത്ത് ആസിഡ്ഒഴിക്കാൻ കഴിയുക. അവൾ വീണ്, വേദനിച്ചു കരയുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയുക, ഒരു കുറ്റബോധവും കൂടാതെ ഞാൻ അല്ല അത് ചെയ്തതെന്ന് കോടതി മുറിയിൽ സാക്ഷ്യം പറയാൻ സാധിക്കുക. അവളുടെ കരിയർ ഇല്ലാതാക്കാൻ കഴിയുക…

ഇത്രയും ഉണ്ടായിട്ടും, ചിത്രത്തിൽ ആരും ഗോവിന്ദനെ ഉപദേശിച്ചു കണ്ടില്ല. അവന്റെ അച്ഛനോ, അമ്മയോ, സുഹൃത്തുക്കളോ, അയൽപക്കക്കാരോ ഒന്നും. ഗോവിന്ദും, അച്ഛനുമൊക്കെ കേസ് പിൻവലിക്കണം എന്ന അപേക്ഷയുമായാണ് പല്ലവിയെ സമീപിക്കുന്നത്. അങ്ങനെയൊരു സമൂഹം ആണ് ഗോവിന്ദന്മാരെ സൃഷ്ടിക്കുന്നത്.

പല്ലവി രവീന്ദ്രൻ – സ്വപ്നം കാണുന്ന, അത് നേടിയെടുക്കാൻ പോരാടുന്ന പെണ്ണിന്റെ പേരാണ്. ഭൂമിയിൽ അല്ല..ആകാശത്തു…കോക്പിറ്റിൽ ഇരുന്ന്, കാറ്റിനെ തോൽപ്പിച്ചു വിമാനം പറത്താൻ ആഗ്രഹിച്ചവൾ .. പാതി വെന്ത മുഖവുമായി ഉയരങ്ങൾ തേടിയവളാണ്.പൊള്ളലേറ്റ മുഖം കണ്ടു മുഖം ചുളിച്ചവർക്ക് മുന്നിൽ നിവർന്നു നടന്നവളാണ്.
ആസിഡ് പൊള്ളലേറ്റവർക്ക്, സ്വയം അംഗീകരിക്കാൻ കുറച്ചു ദിവസങ്ങൾ കൊണ്ടോ, മാസങ്ങൾ കൊണ്ടോ സാധിച്ചെന്ന് വരും. പക്ഷെ മുന്നിലുള്ള സമൂഹം അവരെ അത് ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കും. നിങ്ങൾ എന്തോ കുറവുള്ളവരാണെന്നു വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. അതിനെ അതിജീവിക്കലാണ് ഏറ്റവും വലിയ കടമ്പ എന്ന് അവൾ പറയാതെ പറയുന്നുണ്ട്.

സൗന്ദര്യ സങ്കൽപം – വെളുത്തു, മെലിഞ്ഞു, ഉയരമുള്ള പെണ്ണുങ്ങൾക്ക് മാത്രം പറഞ്ഞിട്ടുള്ള ജോലിയാണ് എയർഹോസ്റ്റസ്. ആ സങ്കല്പങ്ങളെ തോൽപിച്ചാണ് പല്ലവി രാമചന്ദ്രൻ ജോലിയിൽ പ്രവേശിക്കുന്നത്. അതിനു നിമിത്തമായത് ആകട്ടെ വിശാൽ രാജശേഖരൻ എന്ന സുഹൃത്തും.

വിശാൽ രാജശേഖരനും, സാരിയയുമൊക്കെ ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന സൗഹൃദങ്ങളാണ്… വീണ് പോകുമ്പോൾ കൈ പിടിച്ചുയർത്താൻ, ഒന്ന് കൈ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ, ചേർത്ത് നിർത്താനുമൊക്കെ എന്നും വേണ്ട സൗഹൃദങ്ങൾ. “ബുദ്ധിയുണ്ട്, ഹൃദയമുണ്ട്…2019 ആയില്ലേ സാർ..അങ്ങനെയും നിർവചിച്ചു തുടങ്ങിക്കൂടെ സൗന്ദര്യത്തെ നമുക്ക്” എന്ന വിശാൽ രാജശേഖരന്റെ മറുപടി 2050 ൽ എങ്കിലും നമുക്ക് പ്രാവർത്തികമാക്കാൻ കഴിയുമോ എന്നറിയില്ല.

ഒടുവിൽ ഒരുപാട് ഒരുപാട് കടമ്പകൾ താണ്ടി, അവൾ ഉയരെ പറക്കുമ്പോൾ, അവളിൽ കണ്ട ധൈര്യം, കണ്ണിൽ കണ്ട ആത്മ വിശ്വാസം.. സ്വപ്നം കാണുമ്പോഴല്ല.. അത് നേടിയെടുക്കുമ്പോഴാണ് നമ്മൾ ജയിക്കുന്നത്. പല്ലവി വിശാലിനോട് പറയുന്നത് പോലെ…”നന്ദിയുണ്ട്…ഇതിനൊക്കെ നിമിത്തമായതിന്”..

എന്തായാലും , ഒരു നല്ല അച്ഛനെന്ന നിലയിൽ സിദ്ദിഖും..
ഒരു നല്ല സുഹൃത്തെന്ന നിലയിൽ ടോവിനോയും, അനാർക്കലിയും..
ഒരു പൊട്ട കാമുകനെന്ന് നിലയിൽ ആസിഫ് അലിയും..
ഒരു നല്ല അഭിനേത്രി എന്ന നിലയിൽ പാർവതിയും വിജയിച്ചിരിക്കുന്നു…

ആണെന്നോ, പെണ്ണെന്നോ അല്ല…
അവരുടെ ഇഷ്ടങ്ങൾ, അവരുടെ സ്വപ്‌നങ്ങൾ…
കൈപ്പിടിക്കുന്നവർ അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ നിമിത്തമാകട്ടെ…
ഒരു പ്രണയവും അതിനു തടസ്സമാകാതിരിക്കട്ടെ..

ആരോ പറഞ്ഞത് പോലെ…
“പ്രണയമെന്നത് സ്വാതന്ത്ര്യമാണ്”

ഹരിത സുന്ദർ

101 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close