സൂറത്ത്: മുംബൈ-അഹമ്മദാബാദ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ഗുജറാത്തിലെ സൂറത്തില്‍ കല്ലേറ്. ചൊവ്വാഴ്ച ഉത്രാന്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കല്ലേറുണ്ടാകുമ്പോള്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ട്രെയിനിലുണ്ടായിരുന്നു. ഗവര്‍ണര്‍ സുരക്ഷിതയാണെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിനിന് നേരെ കല്ലെറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. മുംബൈ സെന്‍ട്രലിനും അഹമ്മദാബാദ് ജങ്ഷനും ഇടയിലാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഏകദേശം 491 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂര്‍ 30 മിനിറ്റിലാണ് ട്രെയിന്‍ പിന്നിടുന്നത്. ബോറിവലി, വാപി, സൂറത്ത്, വഡോദര എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍.
ഇന്ത്യയിലെ വേഗമേറിയ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകളില്‍ പ്രധാനപ്പെട്ടതാണ് വന്ദേഭാരത്. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കവച് ഉള്‍പ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളും ട്രെയിനുകളില്‍ ഒരുക്കിയിട്ടുണ്ട്. അടുത്തിടെ ഉത്തര്‍പ്രദേശിലെ മഹോബയിലും വന്ദേഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഖജുരാഹോ-വാരണസി സര്‍വീസ് നടത്തുകയായിരുന്ന ട്രെയിന്‍ പാളത്തിലേക്ക് കടന്നുവന്ന കാളയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ സുരക്ഷിതരായിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം നാല് കോടി യാത്രക്കാരാണ് വന്ദേഭാരത് സര്‍വീസുകളില്‍ യാത്ര ചെയ്തതെന്നാണ് കണക്ക്. 2019ല്‍ സര്‍വീസ് ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളം വന്ദേഭാരത് ട്രെയിനുകളുടെ സ്വീകാര്യത വര്‍ധിച്ചുവരുന്നതിനിടെയാണ് സുരക്ഷയെക്കുറിച്ചുള്ള ഇത്തരം സംഭവങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.















