ഡിസ്ക് ബ്രേക്കിലെ കാലിപ്പര്‍ ബോള്ട്ടിലുണ്ടായ തകരാറുകള്‍ മൂലം ഏഴായിരത്തോളം ബൈക്കുകള്‍ തിരിച്ച് വിളിച്ച് പരിശോധിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. 2019 മാര്‍ച്ച് 20 നും ഏപ്രില്‍ 30 നും ഇടയില്‍ നിര്‍മ്മിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ഇലക്ട്ര എന്നീ മോഡലുകളാണ് കമ്പനി തിരിച്ചു വിളിക്കുന്നത്.
ബ്രേക്ക് ഹോസിനേയും ബ്രേക്ക് കാലിപ്പറിനേയും സുരക്ഷിതമാക്കുന്ന ഭാഗമായ കാലിപ്പര്‍ ബോള്‍ട്ട് കഴിഞ്ഞ മാസം നിര്‍മ്മിച്ച ബുള്ളറ്റ്, ഇലക്ട്ര എന്നീ മോഡലുകളില്‍ തെറ്റായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് സര്‍വീസ് ടീം നടത്തിയ പരിശോധനയിലാണ് മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ നിര്‍മ്മിച്ച ബുള്ളറ്റ് 350 സിസി, 500 സിസി എന്നീ മോഡലുകളില്‍ കാലിപ്പര്‍ ബോള്‍ട്ടില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമായത്.
മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ നിര്‍മ്മിച്ച ബൈക്കുകളുടെ ഉടമസ്ഥര്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറുമുകളിലെത്തി പരിശോധന നടത്തി തകരാര്‍ പരിഹരിക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ആയിരിക്കും ഈ സേവനം ലഭ്യമാകുക.