ഉദ്ദംപൂര്‍: ഒരു മരം പോലും മുറിക്കാതെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂര്‍ത്തിയായ ഇന്ത്യയിലെ ആദ്യത്തെ കേബിള്‍ കാറിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ജമ്മുകാശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലുള്ള പറ്റ്നിടോപ്പ് എന്ന സ്ഥലത്താണ് കേബിള്‍ കാര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
എല്ലാവരും ഏറെ നാളായി കാത്തിരുന്ന സംരംഭമാണ് കേബിള്‍ കാര്‍. പ്രകൃതിക്ക് ഒരു വിധത്തിലുമുളള കോട്ടവും തട്ടാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സുമായി ചേര്‍ന്നാണ് കേബിള്‍ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. വാഹനത്തിന് സുരക്ഷ ഒരുക്കുന്നതും ഫ്രഞ്ച് ടെക്നോളജി ഉപയോഗിച്ചു തന്നെയാണ്.
15 വര്‍ഷം മുന്‍പ് പദ്ധതിയിട്ടിരുന്ന പറ്റ്നിടോപ്പ് ഗണ്ഡോള പ്രോജക്ട് അടുത്ത മാസം യാഥാര്‍ത്ഥ്യമാകുകയാണ്. കേബിള്‍ കാര്‍ പ്രാവര്‍ത്തികമാകുന്നതോടെ പറ്റ്നിടോപ്പ് മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് അധികൃതര്‍ കണക്കു കൂട്ടുന്നത്. ഇതോടൊപ്പം ചെന്നൈ-നശ്രി തുരംഗം വന്നതോടെ പിന്നോട്ടുപോയ വ്യവസായങ്ങള്‍ക്കും കേബിള്‍ കാര്‍ എത്തുന്നതോടെ ഉണര്‍വ് ലഭിക്കുമെന്നും കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നത്.
2017 ഏപ്രിലിലാണ് റോപ് വേയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ട്രക്കിംഗും കാറുകളും ബൈക്കുകളുമാണ് പറ്റ്നിടോപ്പില് സാധാരണയായി വിനോദത്തിനായി ഉപയോഗിച്ചു വരുന്നത്. എന്നാല്‍ കേബിള്‍ കാര്‍ എത്തുന്നതോടെ പറ്റ്നിടോപ്പിന്റെ സവിശേഷതകളായ മേഘങ്ങളും സൂര്യാസ്തമയവുമെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍ സാധിക്കും.