Movie Reviews

നെഞ്ചിൽ പ്രാന്തൻ കണ്ടലിന്‍റെ പശിമയുള്ള ജീവിതങ്ങൾ

സുബീഷ് തെക്കൂട്ട്

നമുക്കിടയിൽ നഷ്ടമാകുന്ന ചിലതുണ്ട്. സ്നേഹം, അനുകമ്പ, കാരുണ്യം. നമ്മൾ നഷ്ടപ്പെടുത്തുന്ന ചിലതുണ്ട്. വനം, വയൽ, കായൽ, നീർച്ചോലകൾ. നഷ്ടമാകുന്ന ഇവ തമ്മിൽ കൂടിച്ചേരുമ്പോൾ, കലർന്നും ലയിച്ചും കായൽച്ചെളിയിൽ പിറക്കുന്ന പ്രാന്തൽ കണ്ടൽ ജന്മങ്ങളുണ്ട്. അവർക്ക് പേര് ഇത്താക്ക്, ജോണപ്പൻ, സാറ, അദ്‍രുമാൻ, പിന്നെയും ചിലർ. നെഞ്ചിൽ പ്രാന്തൻ കണ്ടലിന്‍റെ പശിമയുള്ള ജീവിതങ്ങൾ. അവരുടെ കഥയാണ് തൊട്ടപ്പൻ.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ച് മറക്കാതിരുന്ന പല കഥകളിൽ ഒന്ന് മാത്രമായിരുന്നു ഫ്രാൻസിസ് നെറോണയുടെ തൊട്ടപ്പൻ. വായിച്ചനുഭവിച്ചതിന്‍റെ ആഴവും ആത്മാവും നഷ്ടമാകരുതേ എന്നതിനാൽ ചിലതൊന്നും സിനിമയാകരുതേ എന്നാഗ്രഹിക്കാറുണ്ട്, അതിലൊന്ന് ഖസാക്കിന്‍റെ ഇതിഹാസമാണ്. നെറോണയുടെ തൊട്ടപ്പൻ എങ്ങനെ സിനിമയാകും എന്നതിശയിച്ചിട്ടുണ്ട്. ആ അതിശയത്തിന്‍റെ വിജയകരമായ പരിണാമമാണ് ഷാനവാസിന്‍റെ തൊട്ടപ്പൻ. കഥയല്ല സിനിമ. സിനിമക്ക് വേണ്ട മാറ്റങ്ങൾ വരുത്തുക എന്നത് സംവിധായകന്‍റെ സ്വാതന്ത്ര്യമാണ്. ആ സ്വാതന്ത്ര്യം ഷാനവാസ് കെ ബാവക്കുട്ടി അതിവിദഗ്ധമായും മനോഹരമായും ഉപയോഗിച്ചു എന്ന് ആദ്യമെ പറയട്ടെ.

ജോണപ്പനും ഇത്താക്കും സഹോദരങ്ങളല്ല. ഇത്താക്കും സാറയും അപ്പനും മകളുമല്ല. അദ്രുമാനും പള്ളീലച്ചനും ഒരേ വീട്ടിൽ പിറന്നവരോ ഒരേ സമുദായക്കാരോ അല്ല. ഇവരെ പരസ്പരം അടുപ്പിക്കുന്നത് സ്നേഹം മാത്രം. ജോണപ്പന്‍റെ മകളാണ് സാറ. ജോണപ്പൻ പോയപ്പോൾ അവൾക്ക് അപ്പനും തൊട്ടപ്പനും എല്ലാം ഇത്താക്ക്. ഇത്താക്കിന് സാറയും സാറയ്ക്ക് ഇത്താക്കും കഴിഞ്ഞേയുള്ളൂ എന്തും. അവരും അവരുടെ വള്ളവും രാവും നിലാവും, അവരിടത്തിലേക്ക് വന്നു പോകുന്ന ഇസ്മുവും മാർക്വിസിന്‍റെ കോളറാക്കാലത്തെ പ്രണയത്തിലെ ജുവനാൽ ഡി അർബിനോയേയും ഫെർമിന ഡാസയേയും പോലെ പ്രാഞ്ചി പാപ്പനും പ്ളമേന അമ്മായിയും, അണ്ടർവെയറിന്‍റെ വള്ളിയഴിക്കാൻ കഷ്ടപ്പെടുന്ന പെട്രീഷ്യയുടെ ഭർത്താവും, ലാലേട്ടന്‍റെ പടത്തിലൊക്കെ അങ്ങനാണ് എന്ന് പറയുക മാത്രമല്ല, എതിരാളിയെ കൂമ്പിനിട്ടിടിക്കുകയും ചെയ്യുന്ന പൊടിപ്പയ്യൻ ജോയിമോനും ടിപ്പു എന്ന നായയും ഉമ്മുക്കുൽസു എന്ന പൂച്ചയും. പ്രണയവും കൊലയും പകയും അവയ്ക്കെല്ലാം പശ്ചാത്തലമാകുന്ന തുറന്ന വാനവും കണ്ടൽ കായലും.

ആമേനോ കുമ്പളങ്ങിയോ അല്ല, അതേക്കാൾ അപരിചിതമായ മറ്റൊരു ലോകം തുറന്നിടുകയാണ് തൊട്ടപ്പൻ. സ്നേഹവും പ്രകൃതിയും പരിസ്ഥിതിയുമാണ് അവിടത്തെ നായകരും പ്രതിനായകരും. കള്ളനും കറുത്തവനും കലിപ്പുള്ളവനുമായിട്ടും തൊട്ടാൽ സ്നേഹം മാത്രം ചീറ്റുന്ന, കായലിനോട് മാത്രം ഇണ ചേർന്ന് അനുഭവമുള്ള, ഇണപ്പാമ്പാണ് തൊട്ടപ്പൻ. തൊട്ടപ്പൻ സ്നേഹിക്കുന്നവരും അവനെ സ്നേഹിക്കുന്നവരും അവർക്കിടയിലേക്ക് വരുന്ന ഇസ്മുവും ചേരുമ്പോൾ വിരിയുന്നൊരു ലോകമുണ്ടല്ലോ, ആ ലോകത്തെയാണ് കടമക്കുടിയിലെ കായൽനിലത്തിൽ രണ്ട് മണിക്കൂർ ഇരുപത് മിനുട്ടിൽ മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത അഴകുറ്റ ഫ്രെയിമിൽ ഷാനവാസ് വരച്ചിട്ടത്.

പ്രതീക്ഷിച്ചത് പോലെ വിനായകൻ തൊട്ടപ്പനെ ഗംഭീരമാക്കി, ജോണപ്പനെ ദിലീഷ് പോത്തനും. രഘുനാഥ് പലേരിയുടെ അദ്രുമാൻ, പ്രിയംവദയുടെ സാറ ഒന്നിനൊന്ന് മികച്ചതായി. കടമക്കുടിയിലെ രാത്രിയും നിലാവും സുരേഷ് രാജന്‍റെ ഛായാഗ്രഹണവും അൻവർ അലിയുടെയും അജീഷിന്‍റെയും വരികളും ലീല എൽ ഗിരീഷ് കുട്ടന്‍റെ സംഗീതവും കായലും കരിമീനും പോൽ ചേരുന്നുണ്ട്, കണ്ടിറങ്ങിയാലും ചോരാതെ ഉള്ളിൽ കൂടെ പോരുന്നുണ്ട്.

ഷാനവാസിന്‍റെ രണ്ടാമത് ചിത്രമാണ് തൊട്ടപ്പൻ, ആദ്യത്തേത് കിസ്മത്ത്. കിസ്മത്തിൽ നിന്ന് തൊട്ടപ്പനിലേക്കുള്ള ദൂരം ചെറുതല്ല. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി തൊട്ടപ്പൻ ഉണ്ടാകും. കാണാം, കാണാതിരിക്കാം, എന്നാൽ കണ്ടില്ലെങ്കിൽ വലിയ നഷ്ടമെന്ന ഓർമ്മപ്പെടുത്തൽ മാത്രം.

427 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close