Movie Reviews

തലയിൽ മുടിയില്ലാത്തത് അത്ര തമാശയല്ല

സുബീഷ് തെക്കൂട്ട്

പലതരം തമാശകൾ കലർന്ന ജീവിതം. മറ്റുള്ളവരുടെ കുറവുകൾ പോലും നമുക്ക് തമാശയാണ്. ഒരാൾ വഴുക്കി വീണാൽ ചിരിക്കുന്നവരുടേതാണ് ലോകം. തലയിൽ മുടിയില്ലാത്തവനും തടിച്ചവനും അന്യന് തമാശക്കും ചിരിക്കുമുള്ള വക നൽകുന്നവരാണ്. കഷണ്ടിയും പൊണ്ണത്തടിയും അന്യന് പരിഹാസവും അനുഭവിക്കുന്നവന് പീഡനവും ആണ്. ഒരാളുടെ രൂപവും ആകാരവും അയാൾക്ക് എപ്രകാരം പ്രതിസന്ധിയാകുന്നു, അന്യരുടെ തമാശ അയാളെ എത്രത്തോളം മുറിവേൽപ്പിക്കുന്നു എന്ന് പാതി തമാശയോടെയും അതിലേറെ ഗൗരവത്തോടെയും പറയുകയാണ് അഷറഫ് ഹംസ ഒരുക്കിയ തമാശ എന്ന ചിത്രം.

ഉയരെയിൽ ടൊവിനോയുടെ കഥാപാത്രം പറയുന്നുണ്ട്, ഇത് 2019 ആണ്, സൗന്ദര്യത്തിനുള്ള നിർവചനങ്ങൾ ഒന്ന് മാറ്റി പിടിക്കൂ എന്ന്. തമാശയിൽ അത് സത്യമാകുന്നു.

പൊന്നാനിക്കാരൻ ശ്രീനി മാഷും ചിന്നുവും ആണ് കഥയിലെ താരങ്ങൾ. വിവാഹാലോചനകൾ എങ്ങുമെത്താതെ പോകുന്നതിന് പ്രധാന കാരണം മാഷിന്‍റെ കഷണ്ടി തന്നെ. മുടിയില്ല എന്ന ഒറ്റക്കാരണത്താൽ ജീവിതം പെണ്ണ് കിട്ടാതെ മുടിഞ്ഞു പോകുമെന്ന ആശങ്കയാൽ ബ്രഹ്മചര്യം പരീക്ഷിക്കാൻ വരെ ആലോചിച്ച് പോകുന്നുണ്ട് പാവം മാഷ്. എന്നിട്ടും തടിച്ച ചിന്നുവിനെ കണ്ടപ്പോൾ തന്‍റെ കഷണ്ടിയേക്കാൾ വൈരൂപ്യമുള്ളതായി മാഷിന് തോന്നിയത് ചിന്നുവിന്‍റെ അമിതവണ്ണം. കഷണ്ടി കാരണം പെണ്ണ് കിട്ടാത്ത ശ്രീനി മാഷ് അമിതവണ്ണം കാരണം ചെക്കനെ കിട്ടാത്ത ചിന്നുവിനെ ആദ്യം വേണ്ടെന്ന് വെക്കുന്നതും പിന്നീട് ചിന്നുവിന്‍റെ ആന്തരികമായ യഥാർത്ഥ സൗന്ദര്യം അനുഭവിച്ചറിഞ്ഞ് അകമേ സ്വീകരിക്കുകയുമാണ്.

പരസ്പരമുള്ള കുറവുകൾക്കപ്പുറം അന്നേരം പ്രണയ പാരസ്പര്യത്തിന്‍റെ ഒരു പൊന്നാനിപ്പാലം പണിതുയരുകയാണ്. വിനയ് ഫോർട്ടിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ശ്രീനി മാഷ്. പ്രേമത്തിലെ വിമൽ സാറിനേക്കാൾ ഏറെ വ്യത്യസ്തമായത്. ചിന്നു തന്‍റെ അതേ പേരിലുള്ള കഥാപാത്രത്തെ ഉജ്ജ്വലമാക്കി. ബബിത ടീച്ചറായി ദിവ്യ പ്രഭയും സഫിയയായി ഗ്രേസ് ആന്‍റണിയും റഹീമായി നവാസ് വള്ളിക്കുന്നും കലക്കി.

സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്കും കമന്‍റുകൾക്കുമെതിരായ ശക്തമായ സാമൂഹ്യ വിമർശനം കൂടിയാണ് തമാശ ഉന്നയിക്കുന്നത്. വെള്ളരിയുടെ നീര് കുടിച്ച് തടി കുറയ്ക്കാൻ എന്നെയും പലരും ഉപദേശിക്കാറുണ്ട്, എന്നാൽ എനിക്ക് ഫലൂദയാണിഷ്ടം എന്ന് പറയുന്ന ചിന്നുവിനോട് നമുക്കും തോന്നും പെരുത്തിഷ്ടം.

ശ്രീനി മാഷിനൊപ്പം നിൽക്കുന്ന ഫോട്ടോയുടെ താഴെ പാർവതിയ്ക്കൊപ്പം നിൽക്കാൻ ശ്രമിച്ച് കണ്ണ് വെട്ടിച്ച് നോക്കുന്ന വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്‍റെ ഫോട്ടോ കമന്‍റായി പോസ്റ്റിയവനോട് നിങ്ങൾക്കിതൊക്കെ ഇപ്പോഴും കോമഡിയാണോ എന്നാണ് ചിന്നുവിന്‍റെ ചോദ്യം. കാലം മാറുകയാണ്, ഒപ്പം അഴകളവുകളും സൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങളും.

ഷഹബാസും റെക്സും ഒരുക്കുന്ന സംഗീതം മനോഹരവും ഹൃദ്യവുമാണ്. പൊന്നാനിയിലെ ഇടവഴികളിലൂടെ, ഭാരതപ്പുഴയിലൂടെ, ചമ്രവട്ടം പാലത്തിലൂടെ സഞ്ചരിക്കുന്ന സമീർ താഹിറിന്‍റെ ക്യാമറ അതിലേറെ അനുപമം. അതിഗംഭീരമായ ട്വിസ്റ്റുകൾ ഏതുമില്ലാതെ നിങ്ങളുടെ തമാശയല്ല ഞങ്ങളുടെ ജീവിതമെന്ന് അഴകോടെ പറയുന്നുണ്ട് വലിച്ചുനീട്ടാതെ രണ്ട് മണിക്കൂറിൽ ശ്രീനി മാഷിലൂടെ, ചിന്നുവിലൂടെ അഷറഫ് ഹംസ.

അന്യരുടെ പരിഹാസം വിട്ട് സ്വന്തം ശരീരത്തിലെ കുറവുകളെ അവനവൻ ആസ്വദിക്കാൻ തുടങ്ങിയാൽ ജീവിതം നമ്മുടേതാകും. അപ്പോൾ, തലയിൽ മുടിയില്ലാത്തവനും ആ കുറവൊരു കുറവല്ലാതാകും, ജീവിതം മധുരിക്കും. തമാശ പറയുന്നത് അക്കഥയാണ്. മലയാളത്തിൽ ഈയിടെ കണ്ട മനോഹരമായ ചിത്രങ്ങളിൽ ഒന്ന്.

314 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close