അബുദാബിയിലെ ഒരുകൂട്ടം വീട്ടമ്മമാരാണ് കൃഷ്ണകഥകൾ കോർത്തിണക്കിയ നൃത്തശിൽപം അരങ്ങിലെത്തിച്ചത്. മൂന്ന് മണിക്കൂർ നീണ്ട് നിന്ന നൃത്ത ശിൽപ്പത്തിൽ 108 കലാകാരൻമാരാണ് കൃഷ്ണന്റെ ജനനം മുതൽ ദ്വാരകാധിപൻ ആകുന്നത് വരെയുള്ള യാത്രയിയിലെ വിവിധ വേഷങ്ങൾ ചെയ്തത്. 14 രംഗങ്ങളിലായി പൂതനാ വധവും കാളിയ മർദ്ദനവും കംസവധവുമൊക്കെ അവതരിപ്പിച്ചപ്പോൾ സദസിന് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്. ഒടുവിൽ കൃഷ്ണകുചേല സംഗമത്തോടെ മാധവത്തിന് തിരശീല വീണു. നൃത്ത അധ്യാപികയായ സൗമ്യയുടേതാണ് നൃത്തശിൽപത്തിന്റെ ആശയം. ബിജു കിഴക്കനേല സംവിധാനവും ഷിജു മുരുക്കുംപുഴ സഹ സംവിധാനവും നിർവഹിച്ചു. മാധവത്തിന്റെ സംഗീതവും കലാസംവിധാനവും ഷാജി നവരസയാണ് നിർവഹിച്ചത്. അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിന്റെ പ്രധാന വേദിയിൽ നടന്ന പരിപാടി കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്.