മുംബൈ: ലൈംഗിക പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന മുന്‍നിശ്ചയിച്ച ആശുപത്രിയില്‍നിന്ന് മാറ്റി. ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെത്തണമെന്ന് ആദ്യം അറിയിച്ച പൊലീസ് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ എത്താന്‍ ബിനോയിയോട് നിര്‍ദ്ദേശിച്ചു.
ഉച്ചക്ക് രണ്ടുമണിക്ക് ശേഷം ആശുപത്രിയില്‍ വെച്ച് രക്ത സാംപിളുകള്‍ ശേഖരിക്കും. തുടര്‍ന്ന് ഇത് ഡിഎന്‍എ പരിശോധനയ്ക്കായി ഖലീനയിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കും. ഡിഎന്‍എ പരിശോധനാ ഫലം മുദ്രവെച്ച കവറില്‍ രണ്ടാഴ്ചയ്ക്കകം ഹൈക്കോടതി രജിസ്ട്രാര്‍ക്കു കൈമാറാനാണ് ബോംബെ ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ നിര്‍ദ്ദേശം. ഇതു കൂടി പരിഗണിച്ച ശേഷമാകും എഫ്ഐആര്‍ റദ്ദാക്കണമെന്നുള്ള ബിനോയിയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കുക.
വിവാഹ വാഗ്ദാനം നല്കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് ബീഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. എന്നാല്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയിയുടെ വാദം. കഴിഞ്ഞ രണ്ട് തവണ ഹാജരായപ്പോഴും ബിനോയ് രക്തം നല്കാന് തയ്യാറായിരുന്നില്ല.