Yatra

ഭക്തിയും സാഹസികതയും ഇടകലർന്ന അമർനാഥ് യാത്ര

ആര്‍ എസ് വിഷ്ണു ശര്‍മ്മ

മരം കോച്ചുന്ന തണുപ്പ്.. ഏത് നിമിഷവും മണ്ണിടിഞ്ഞു വീഴാവുന്ന മലഞ്ചരിവിലൂടെയുള്ള പാത…പറയുന്നത്ര എളുപ്പമല്ല അമർനാഥ് യാത്ര.. പക്ഷെ തണുപ്പിനെയും അപ്രതീക്ഷിതമായ മഴയെയുമെല്ലാം അതിജീവിച്ചു യാത്ര പൂർത്തിയാകുമ്പോൾ ലഭിക്കുന്ന അനുഭൂതി വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല… ആകാശത്തെതൊട്ട് ഹിമാലയൻ മലഞ്ചരിവിലൂടെയുള്ള യാത്രയുടെ ദൃശ്യാനുഭവും വേറെയാണ്….

ഹൈന്ദവ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പൗരാണികതയുടെയും മറ്റൊരു പ്രതീകമാണ് അമർനാഥ് ഗുഹാ ക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഐതീഹ്യത്തിനും ആരാധനയ്‌ക്കും നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത് . ശ്രാവണ മാസത്തിലാണ് അമർനാഥ് തീർത്ഥാടനം നടക്കുന്നത്. ശ്രാവണ മാസത്തിലെ പൗർണമി ദിനത്തിൽ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതീഹ്യം. അതാണ് ഈ സമയത്തു അമർനാഥ് തീർഥാടനം നടത്തുന്നതിന് പിന്നിലെ കാരണം. ഇരുമുടി കെട്ടുമായി കല്ലും മുള്ളും ചവിട്ടി കാനന പാതയിലൂടെ ശബരിമലയിൽ എത്തുന്നതിനേക്കാൾ ഘടിനമാണ് അമർനാഥ് തീർത്ഥാടനം. ഏത് നിമിഷവും മണ്ണിടിഞ്ഞു വീഴുന്ന മലഞ്ചരിവിലൂടെ മരം കോച്ചുന്ന തണുപ്പിനേയും അതിജീവിച്ചു മൈലുകൾ താണ്ടണം ക്ഷേത്രത്തിലെത്താൻ.

Loading...

 

ഉത്തരേന്ത്യൻ യാത്രകളിൽ ഹിമാലയൻ യാത്രകൾ നൽകുന്നത് പ്രത്യേക അനുഭൂതിയാണ്. അമർനാഥ് യാത്ര വർഷങ്ങളായുള്ള സ്വപ്നമാണ്. അപ്രതീക്ഷിതമായാണ് യാത്രയ്ക്കുള്ള അവസരം വന്നു ചേർന്നത്. ബാംഗ്ലൂരിൽ തത്വമസി ടൂർസ് & ട്രാവൽ ഏജൻസി നടത്തുന്ന മലയാളി സുഹൃത്തു രാജ റാം യാത്രയ്ക്ക് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തന്നെ ലീവ് പോലും ഉറപ്പിക്കാതെ യെസ് പറഞ്ഞു. പിന്നീട് അങ്ങോട്ടുള്ള ഒരുക്കങ്ങൾ ലീവ് ഉൾപ്പടെ യാതൊരു തടസവുമില്ലാതെ വിചാരിച്ചതിനേക്കാൾ വേഗത്തിൽ നടന്നു. വിമാനത്തിൽ ശ്രീനഗർ എത്തി അവിടുന്ന് റോഡ് മാർഗം ആയിരുന്നു യാത്ര. അധികം തണുപ്പ് ഇല്ലാത്ത കാലാവസ്ഥ ആയിരുന്നു ശ്രീനഗറിൽ. ആദ്യ ദിവസം ശ്രീനഗറിൽ തങ്ങി, പിറ്റേന്ന് ബാൽത്താലിന് അടുത്തുള്ള നീൽഗ്രാതിലെ ഹെലിപാഡിലെക്ക്, ശ്രീനഗറിൽ നിന്ന് ഹെലിപ്പാഡിലുള്ള വഴിയിൽ ഓരോ നൂറു മീറ്ററുകൾക്കിടയിലും സുരക്ഷക്കായി സൈന്യവുമുണ്ട്. വാഹനങ്ങൾ കടത്തി വിടുന്നതും സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ്.

ഹെലിപ്പാഡിൽ നിന്ന് ഹെലികോപ്റ്ററിൽ അടുത്ത ക്യാമ്പായ പഞ്ചതരിണിയിലേക്ക്. റോഡ് യാത്രയ്ക്കും ഹെലികോപ്ടർ യാത്രയ്ക്കും ആവശ്യമായതെല്ലാം രാജാറാം ചെയ്തിരുന്നു. മലഞ്ചരിവിലൂടെ ക്ഷേത്രത്തിലേക്കുള്ള യാത്രക്കാരെയും മഞ്ഞു മൂടിയ ഹിമാലയ പർവതങ്ങളെയും മലകൾക്കിടയിൽ നിന്നും മഞ്ഞുരുകി ഉത്ഭവിക്കുന്ന അരുവികളുമൊക്കെ ഹെലികോപ്റ്ററിൽ മനോഹരമായ ആകാശ കാഴ്ചയാണ് സമ്മാനിക്കുന്നത്. ചെറിയ ചാറ്റൽ മഴയത്താണ് പഞ്ചതരിണിയിൽ എത്തിയത്. എല്ലുകൾ കോച്ചുന്ന തണുപ്പായിരുന്നു. മഴ തോർന്നതോടെ തണുപ്പും വർധിച്ചു. ഹെലിപ്പാഡിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ തന്നെ കുതിരയിലും ഡോളിയിലും യാത്ര ചെയ്യുന്നോ എന്ന് ചോദിച്ച് കുറെപ്പേർ ചുറ്റും കൂടി.. പഞ്ച തരിണിയിൽ നിന്നും ആറ് കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. വൈകുന്നേരം ആറ് മണിയായി പഞ്ചതരിണിയിലെത്തിയപ്പോൾ, അഞ്ച് മണിവരെയെ പഞ്ചതരിണിയിൽ നിന്ന് തീർത്ഥാടകരെ കടത്തി വിടൂ. പഞ്ചതരിണിയിലെ ടെന്റിലാണ് ഇന്നത്തെ രാത്രി. ജമ്മുവിൽ നിന്ന് അമർനാഥ് വരെയുള്ള യാത്രികർക്ക് സൌജന്യ ആഹാരത്തിനും വിശ്രമത്തിനുമായി ലങ്കാറുകൾ സ്ഥാപിച്ചിട്ടുണ്ട്. ലങ്കാറിൽ നിന്നും അത്താഴത്തിന് ശേഷം ടെന്റിലേക്കെത്തി.

എട്ട് മണിയായിട്ടും ഇവിടെ സൂര്യൻ അസ്തമിച്ചിട്ടില്ല. ഈ സമയത്തും നാട്ടിലെ ത്രിസന്ധ്യ പോലെയായിരുന്നു ഇവിടുത്തെ അന്തരീക്ഷം. എല്ലുകൾ കോച്ചുന്ന തണുപ്പായതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. നാല് മണിയാകുമ്പോൾ ഇവിടെ നേരം വെളുക്കുമെന്ന് കൂടെയുള്ള രാജറാം പറഞ്ഞു. പിന്നീട് ഉറങ്ങാതെ നാല് മണിയ്ക്ക് സൂര്യൻ ഉദിക്കുന്നത് കാണാനായുള്ള കാത്തിരിപ്പായിരുന്നു. ആദ്യ സൂര്യ രശ്മികൾ മഞ്ഞ് മൂടിയ ഹിമാലയത്തിൽ തട്ടുന്ന അതിമനോഹരമായ കാഴ്ച്ച വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതിനും അപ്പുറമാണ്.. പഞ്ചതരിണിയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ആറ് കിലോമീറ്റർ ദൂരം കുതിരപ്പുറത്താണ് പോയത്. മഴപെയ്ത് ചെളി നിറഞ്ഞ വഴിയായിരുന്നു. കുതിരയ്ക്ക് പോലും ഇടയ്ക്ക് കാലുകൾ തെന്നി പോകുന്നുണ്ടായിരുന്നു.

ഏഴ് മണിയോട് കൂടി ക്ഷേത്രത്തിനടുത്തെത്തി. ദൂരെ നിന്ന് തന്നെ ഗുഹാ ക്ഷേത്രം കാണാമായിരുന്നു. നൂറുകണക്കിന് കൽപ്പടവുകൾ കയറിവേണം ദർശനം നടത്താൻ. കൽപ്പടവുകൾ ആരംഭിക്കുന്നിടത്ത് സി ആർ പി എഫ് ജവാൻമാർ സുരക്ഷാ പരിശോധനകൾ നടത്തി. പടികൾ കയറി തുടങ്ങിയപ്പോൾ ചന്നെ ഷൂ ഒരു വശത്ത് ഊരിയിട്ടു. പിന്നീട് കൽപ്പടവിൽ ചവിട്ടി കയറിയപ്പോൾ കാലിൽ നിന്നും തണുപ്പ് ശരീരമാകെ ഇരച്ചു കയറുന്നതുപോലെ തോന്നി. വിറച്ച് വിറച്ച് ഓരോ പടിയും കയറി ദർശനത്തിനെത്തി. മഞ്ഞ് മൂടിയ ഗുഹ, ഗുഹയിൽ നിന്നും ഹിമ കണങ്ങൾ ഇറ്റിറ്റ് വീണ് ശിവലിംഗമായി രൂപം പ്രപിച്ചു. ദർശനത്തിന് ശേഷം ആ സന്നിധിയിൽ തന്നെയിരുന്ന് ഗായത്രിമന്ത്രവും ശിവ പഞ്ചാക്ഷരിയുമെല്ലാം ജപിച്ച് തിരികെയിറങ്ങിയപ്പോൾ ലഭിച്ച മനശാന്തി ഹൈമവതഭൂവിലേക്ക് വീണ്ടും എത്താൻ പ്രേരിപ്പിക്കുന്ന ലഹരിയാണ്….

അമർനാഥ് ഗുഹാക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴികൾ

14500 അടി ഉയരത്തിലുള്ള ഗുഹാ ക്ഷേത്രത്തിൽ എത്തുന്നതിന് പ്രധാനമായും മൂന്ന് വഴികളാണുള്ളത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നിന്നുള്ളതാണ് പരമ്പരാഗത മാർഗം. പഹൽഗാമിൽ നിന്ന് 32 കിലോമീറ്റർ കാൽ നടയായി എത്തുന്നതാണിത്. യാത്രയുടെ എല്ലാ വിധ രസങ്ങളും ഭക്തിയും സാഹസികതയും പ്രകൃതി സൗന്ദര്യവും പഹൽഗാം വഴിയുള്ള യാത്രയിൽ അനുഭവിച്ചറിയാൻ കഴിയും.

ശ്രീനഗറിൽ നിന്ന് 93 കിലോമീറ്റർ അകലെയുള്ള ബാൽത്താലിൽ നിന്ന് 14 കിലോമീറ്റർ കാൽ നടയായി പോകുന്നതാണ് മറ്റൊരു വഴി. ബാൽത്താലിൽ നിന്ന് കുതിരപ്പുറത്തും ഗുഹാക്ഷേത്രത്തിലേക്ക് എത്താം. പഹൽഗാം വഴിയും ബാൽത്താൽ വഴിയും യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി വേണം. ബാൽത്താൽ എത്തുന്നതിനു മുൻപ് നിൽഗ്രാതിലെ ഹെലിപാഡിൽ നിന്നും ഹെലികോപ്റ്റർ മാർഗം പഹൽഗാം വഴിയുള്ള യാത്രയുടെ അവസാന ക്യാമ്പായ പഞ്ചതരിണി യിൽ എതുന്നതാണ് മൂന്നാമത്തെ മാർഗം. ഹെലികോപ്ടറിൽ സഞ്ചരിക്കുന്നതിന് പ്രത്യേക ഹെൽത്ത് സർട്ടിഫിക്കറ്റും നൽകേണ്ടതുണ്ട്. പഞ്ചതരിണിയിൽ നിന്നും ആറ് കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് പഞ്ചതരിണിയിൽ നിന്നും കുതിര പുറത്തും ശബരിമലയിലേത് പോലെ ഡോളിയിലും ക്ഷേത്രത്തിലേക്ക് എത്താം.

ഈ വർഷത്തെ അമർനാഥ് തീർത്ഥാടനം ഓഗസ്റ്റ് 15നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ തീർത്ഥാടകർക്ക് നേരെ പാക് പിന്തുണയോടെ ഭീകരർ ആക്രമണത്തിന് പദ്ധതിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചതോടെ തീർത്ഥാടകർ ഉടൻ തന്നെ മടങ്ങണമെന്ന് കശ്മീർ ഭരണകൂടം കഴിഞ്ഞ ദിവസം നിർദ്ദേശം നൽകി.

ആര്‍ എസ് വിഷ്ണു ശര്‍മ്മ

റിപ്പോർട്ടർ, ജനം ടിവി

172 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close