മഹാകുഭമേളയ്‌ക്കെരുങ്ങുകയാണ് ഉത്തർപ്രദേശ്. ലോകത്തിൽ തന്നെ ഏറ്റവുമധികം പേർ ഒത്തുകൂടുന്ന വലിയ സംഗമങ്ങളിലൊന്നാണ് മഹാകുഭമേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുഭമേളയിൽ പങ്കെടുക്കാനും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം അനുഭവിച്ചറിയാനും അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയും.
ഗംഗാനദിയിലെ സംഗമത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് കുറഞ്ഞത് 20 കോടി പേർ പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനിടയിൽ നിരവധി പേരാണ് പ്രയാഗ്രാജിലേക്ക് പുറപ്പെടാൻ പദ്ധതിയിടുന്നത്. അവർക്കായി സ്പെഷ്യൽ ടൂർ പാക്കേജാണ് ഐആർസിടിസി ആരംഭിക്കുക. ‘മഹാ കുംഭ പുണ്യ ക്ഷേത്ര യാത്ര’ എന്ന് പേരിട്ടിരിക്കുന്ന യാത്ര ഫെബ്രുവരി 18 മുതൽ ആരംഭിക്കും. കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച് അയോദ്ധ്യയിൽ അവസാനിക്കും. ഏഴ് പകലും എട്ട് രാത്രിയും നീളുന്ന യാത്രയായിരിക്കുമിത്.
ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാകും യാത്ര. ഇക്കണോമി ക്ലാസിലെ യാത്രയ്‌ക്ക് 26,320 രൂപയാണ് ചെലവാകുന്നത്. കുട്ടികൾക്ക് 25,420 രൂപയാണ് ചെലവാകുക. ഫസ്റ്റ് ക്ലാസിലെ യാത്രയ്‌ക്ക് മുതിർന്നവർക്ക് 41,900 രൂപയും കുട്ടികൾ 40,630 രൂപയും ഈടാക്കും.