Movie Reviews

ആ സൈക്കിൾ പിറകെ വരുന്നു

സുബീഷ് തെക്കൂട്ട്

മഴക്കെടുതിയിൽ മലയാളി കാണാതെ പോയ ഒരു മനോഹര ചിത്രമുണ്ട്, അമ്പിളി. ഗപ്പിക്ക് ശേഷം ജോൺപോളിന്‍റെ രണ്ടാമത് ചിത്രം. വർഷത്തിൽ മുഴുവൻ ദിനങ്ങളും വഴക്കിടുമ്പോഴും, കാലവർഷത്തിൽ, പിന്നാലെ വരുന്ന പ്രളയത്തിൽ അനുകമ്പയോടെ ഒന്നിക്കുന്ന ഒരു കൂട്ടമുണ്ട്, മലയാളികൾ. സ്നേഹമാണ് അന്നേരം അവരുടെ ഒരേയൊരു മതം, രാഷ്ട്രീയം. സ്നേഹത്തെ കുറിച്ചാണ് അമ്പിളിയും പറയുന്നത്. അപരന് വേണ്ടിയാണ് അമ്പിളിയുടെ ജീവിതം. അഹം വെടിഞ്ഞുള്ള അവന്‍റെ യാത്രകളും അന്യന്‍റെ കരുതലിനായി. അതിനാൽ, മഴയൊഴിഞ്ഞാൽ മലയാളി കാണേണ്ട ചിത്രമാണ് അമ്പിളി.

ചിലരുണ്ട്, ഒറ്റബുദ്ധിയെന്ന് തോന്നും. സമൂഹത്തിന്‍റെ മുഖ്യധാരയിൽ നിന്നും മാറിയാകാം അവരുടെ നിൽപും നടപ്പും ജീവിതവും. എന്നാൽ, നാം മാറ്റി നിർത്തുമ്പോഴും, അകറ്റി നിർത്താൻ ശ്രമിക്കുന്തോറും ഭൂമിക്ക് നിലാവെന്ന പോൽ, അവർ അകലെ നിന്ന് പ്രകാശം പൊഴിക്കും. ജോൺ പോളിന്‍റെ അമ്പിളിയും അങ്ങനെയാണ്. നാട്ടിൽ എല്ലാവരും അവനെ പറ്റിക്കാൻ നോക്കുന്നുണ്ട്. സൂക്ഷിക്കണേ അമ്പിളീ എന്ന കരുതലുമായി ഒപ്പമുള്ളവൾ ടീന മാത്രം. ടീനയുടെ സഹോദരൻ ബോബി, ഇപ്പോൾ സൈക്ളിങ്ങിൽ ദേശീയ ചാമ്പ്യനാണ്. പ്രശസ്തനായെങ്കിലും അമ്പിളിക്ക് അവനിപ്പോഴും പഴയ ബോബിക്കുട്ടൻ തന്നെ. മൂവരുടെയും കുട്ടിക്കാലം കശ്മീരിൽ, അന്നുമുതലേ കളിക്കൂട്ടുകാർ.

ബോബിക്കുട്ടൻ നാഷണൽ ചാമ്പ്യനായതിന് ശേഷം നാട്ടിലേക്ക് വരികയാണ്. സ്വീകരണം ഗംഭീരമാക്കി നാട്ടുകാർ. മുഴുവൻ അമ്പിളിയുടെ പണം. എന്നാൽ പിന്നങ്ങോട്ട് അമ്പിളിയിൽ നിന്ന് അകലം പാലിക്കുകയാണ് ബോബി. തുടർന്നുള്ള കശ്മീരിലേക്കുള്ള സൈക്കിൾ യാത്രയിൽ, അകറ്റാൻ ശ്രമിക്കുന്ന സ്നേഹം, യാത്രയിൽ അമ്പിളിക്കലയെന്ന പോൽ പിന്തുടരുന്നതും, ഒടുവിൽ വിടർന്ന് വികസിച്ച് പൗർണമിയാകുന്നതും വായിച്ചറിയേണ്ടതല്ല, കണ്ടനുഭവിക്കൂ.

സൗബിനെ കുറിച്ച് എന്തുപറയാൻ? ചാടി ചാടിയുള്ള ആ നടത്തത്തിൽ, കിടപ്പിൽ, സംഭാഷണത്തിൽ, ഒരു നോട്ടത്തിൽ പോലും ആ ചങ്ങായി സൗബിനല്ല, അടിമുടി അമ്പിളിയാണ്. സൗബിക്ക വേറെ ലെവലെന്ന് ആരും പറയും. ഒറ്റ ഷോട്ടിലെ ഡാൻസിനെ കുറിച്ച് ഇനിയും എഴുതേണ്ടതില്ലല്ലോ. പറയേണ്ട രണ്ടുപേർ തൻവിയും നവീനും തന്നെ. അമ്പിളിയോടുള്ള ടീനയുടെ കരുതലും പ്രണയവും അത്രമേൽ മനോഹരമായത് ആ റോൾ തൻവി റാം ചെയ്തു എന്നത് കൊണ്ടുകൂടിയാണ് എന്ന് തോന്നിപ്പിക്കും വിധം ഉചിതമായ കാസ്റ്റിംഗ്. നസ്രിയയുടെ സഹോദരൻ ആയത് മാത്രമല്ല സിനിമയിലേക്കുള്ള കടന്നുവരവിനുള്ള യോഗ്യത എന്ന് തെളിയിക്കുന്നുണ്ട് ബോബിയിലൂടെ നവീനും. വെട്ടുകിളി പ്രകാശേട്ടനും ജാഫർ ഇടുക്കിയും അടക്കമുള്ള മറ്റു താരങ്ങൾക്കും മികവേറെ.

പ്രത്യേകം എഴുതേണ്ടത് പാട്ടുകളെ കുറിച്ചാണ്. ഞാൻ ജാക്സണല്ലെടാ എന്ന ഗാനം നമ്മെ രസിപ്പിക്കുന്നുണ്ട്, സൗബിന്‍റെ ഡാൻസ് അമ്പരപ്പിക്കുന്നുണ്ട്. എന്നാൽ, ആരാധികേ എന്ന ഗാനം ഹെഡ്ഫോൺ വെച്ചൊന്ന് കേട്ടുനോക്കണം. എന്തൊരു ഫീലാണ്. മായാനദിയിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനത്തിന് ശേഷം അത്രയും മനോഹരമായ മറ്റൊന്ന് കേൾക്കുന്നത് ഇപ്പോൾ.
ഒരു നാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്ന് ചേർന്നിടും
പിറാക്കൾ പോലിതേ വഴി
നിലാവിൽ പാറിടും എന്നെഴുതി പോകുന്ന വിനായക് ശശികുമാറിന്‍റെ വരികൾക്കൊപ്പം വിഷ്ണു വിജയുടെ സംഗീതം. തനിയെ മിഴികൾ തുളുമ്പിയോ എന്ന ഗപ്പിയിലെ ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിയ സൂരജ് സന്തോഷും ഒപ്പം മധുവന്തി നാരായണും ചേർന്ന് ആലാപനത്തിലൂടെ ആരാധികയെ ഉന്മാദമാക്കുന്നു.

അമ്പിളിയുടെ ഗ്രാമവും കട്ടപ്പനയിലെ പൂക്കളും കശ്മീർ യാത്രയും അഴകോടെ ക്യാമറയിൽ പകർത്തിയത് ശരൺ വേലായുധനും തനിമ ചോരാതെ ചിത്രസംയോജനം നിർവഹിച്ചത് കിരൺദാസും. നിർമ്മാണം മുകേഷ് ആർ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവർ ചേർന്ന്.

കണ്ടിരിക്കാൻ കൊള്ളാവുന്ന ചിത്രങ്ങൾ ഏറെ. കണ്ടിറങ്ങിയാലും വിടാതെ കൂടെ പോരുന്ന, ഉള്ളിൽ ഒരു നീറ്റൽ ശേഷിപ്പിക്കുന്നവ കുറവ്. അക്കൂട്ടത്തിലാണ് അമ്പിളി. പ്രളയം വരുന്നതിന് മുമ്പെ, ചിത്രം പുറത്തിറങ്ങിയ ആദ്യദിനം തന്നെ കണ്ടതാണ്. ഇത്രയും ദിനങ്ങൾ കഴിഞ്ഞിട്ടും വിടാതെ പിന്തുടരുകയാണ് അമ്പിളി. അതെ, ആ സൈക്കിൾ ഇപ്പോഴും പിറകെ വരികയാണ്.

862 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close