മലപ്പുറം: കവളപ്പാറയില്‍ പതിനൊന്നാം ദിവസമായ ഇന്നും തിരച്ചിലുകള്‍ തുടരും. ഇതുവരെ 46 മൃതദേഹങ്ങള്‍ കണ്ടെത്തി. ഔദ്യോഗിക കണക്ക് പ്രകാരം 13 പേരെ കൂടി ഇനി കണ്ടെത്തെണ്ടതുണ്ട്.
ഇന്നലെ നടത്തിയ തിരച്ചിലില്‍ ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജി.പി.ആര് സംവിധാനം ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വെള്ളത്തിന്റെ അംശം തിരച്ചിലിന് തടസ്സമായെന്നാണ് ജി.പി.ആര് വിദഗ്ധന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞത്.
അതേസമയം, വയനാട് പുത്തുമലയില്‍ ഞായറാഴ്ച കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അണ്ണയ്യയുടെ മൃതദേഹമെന്ന് ഒദ്യോഗിക സ്ഥിരീകരണം നല്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്ത ശേഷമാണ് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ തര്‍ക്കവുമായി എത്തിയത്. അതോടെ ദഹിപ്പിക്കുന്നതിന് തൊട്ട് മുമ്പ് മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.