അസ്താന:കസാഖ്സ്ഥാനിലെ മുൻ സാമ്പത്തിക മന്ത്രി കുവാണ്ടിക് ബിഷിംബയേവിന് 24 വർഷം തടവ് ശിക്ഷ. ഭാര്യയെ കൊലപ്പെടുത്തിയ കേസ്സിലാണ് കസാഖ്സ്ഥാൻ സുപ്രീം കോടതി ബിഷിംബയേവിന് ശിക്ഷ വിധിച്ചത്.
ഭാര്യയെ ബിഷിംബയേവ് ക്രൂരപീഡനത്തിന് ഇരയാക്കുന്ന വീഡിയോയാണ് കേസിൽ നിർണായക തെളിവായി കോടതി പരിഗണിച്ചത്. ഈ വീഡിയോ വിചാരണയ്‌ക്കിടെ കോടതി കാണുകയും ചെയ്തിരുന്നു. ഭാര്യ സാൽറ്റാനത്ത് നുകെനോവയെ (31) ബിഷിംബയേവ് ചവിട്ടുകയും മർദ്ദിക്കുകയും മുടിയിൽ പിടിച്ച് വലിച്ചിഴയ്‌ക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. നുകെനോവയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ കുറ്റക്കാരനല്ലെന്നാണ് കോടതിയിൽ ബിംഷിബയേവ് വാദിച്ചത്. ഭാര്യയുടെ ശരീരത്തിൽ അവർ സ്വയം മുറിവേൽപിച്ചതാണെന്ന് ആയിരുന്നു ഇയാളുടെ വാദം. 2016 മെയ് മുതൽ ഡിസംബർ വരെയാണ് ബിംഷിബയേവ് കസാഖ്സ്ഥാന്റെ സാമ്പത്തിക മന്ത്രിയായി സേവനമനുഷ്ഠിച്ചത്. കൈക്കൂലി കേസിൽ നേരത്തെ 10 വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. എന്നാൽ പൊതുമാപ്പിന്റെയും പരോളിന്റെയും ആനുകൂല്യത്തിൽ മൂന്ന് വർഷത്തിനുളളിൽ ജയിൽ മോചിതനാകുകയായിരുന്നു.















