മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വാഹനമായ XL6 പുറത്തിറക്കി. എംപിവി കാറ്റഗറിയിലുള്ള വാഹനത്തിന്റെ വില 9.79 ലക്ഷം മുതലാണ്. സീറ്റ, ആൽഫ എന്നീ രണ്ട് വേരിയന്റുകളിലായാണ് കമ്പനി വാഹനം ഇറക്കിയിരിക്കുന്നത്. മാരുതിയുടെ ജനപ്രിയ മോഡലായ എർട്ടിഗയെ അടിസ്ഥാനമാക്കിയെത്തുന്ന XL6 ആറ് സീറ്റർ വാഹനമാണ്. 2x2x2 എന്ന രീതിയിലാണ് സീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
എർട്ടിഗയെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിർമ്മാണമെങ്കിലും അടിമുടി മാറ്റവുമായാണ് XL6 എത്തുന്നത്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും നിരവധി മാറ്റങ്ങൾ പുതിയ വാഹനത്തിലുണ്ട്. പുതിയ അഗ്രസീവ് ക്രോം ഗ്രില്ലാണ് വാഹനത്തിന്റെ പ്രധാന ആകർഷണം. ഒപ്പം സിഗ്നേച്ചര്‍ ക്വാഡ് എല്‍ഇഡി ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലാമ്പ്, പുതിയ ബംമ്പര്‍, സ്കിഡ് പ്ലേറ്റ്, ബോഡിക്ക് ചുറ്റുമുള്ള ക്ലാഡിങ്, വലിയ വീൽ ആർച്ച് എന്നിവയും XL6 നെ വ്യത്യസ്തമാക്കുന്നു. എന്നാൽ വാഹനത്തിന്റെ വശങ്ങളും പിൻ ഭാഗവും എർട്ടിഗയോട് സാമ്യം തോന്നുന്നതാണ്.
ഉൾഭാഗം എർട്ടിഗയ്ക്ക് സമാനമാണെങ്കിലും പുതുമ നൽകുന്നതിനായി ബ്ലാക് ഫിനിഷിലുള്ള തീമാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രീമിയം ലുക് ലഭ്യമാകുന്നതിനാണ് പുതിയ തീം എന്നാണ് കമ്പനിയുടെ അവകാശവാദം. ഒപ്പം പ്രീമിയം ലുക്കിനായി ബ്ലാക് ലെതർ ഫിനിഷിലാണ് സീറ്റുകൾ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ 7.0 ഇഞ്ച് ടച്ച്സ്ക്രീൻ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. സുരക്ഷയുടെ കാര്യത്തിലും മാരുതി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഡ്യുവൽ എയർബാഗുകൾ, ഇബിഡിയോടു കൂടിയ എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ്, തുടങ്ങിയവ സുരക്ഷക്കായി മാരുതി XL6 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പെട്രോൾ എഞ്ചിൻ ഒപ്ഷൻ മാത്രമാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ബിഎസ്-VI 1.5 ലിറ്റർ K15 സീരീസ് പെട്രോൾ എഞ്ചിനാണ് വാഹനത്തിലുള്ളത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് XL6 ന് മാരുതി വാഗ്ധാനം ചെയ്യുന്നത്.
സീറ്റ വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 9.79 ലക്ഷവും ഓട്ടോമാറ്റിക് മോഡലിന് 10.36 ലക്ഷവും ആൽഫ വേരിയന്റിന്റെ മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 10.89 ലക്ഷവും ഓട്ടോമാറ്റിക് മോഡലിന് 11.46 ലക്ഷവുമാണ് എക്സ്ഷോറൂം വില.