ആഭ്യന്തര വകുപ്പിൽ ഭരണം സഖാക്കൾക്ക് ; ഐ പി എസ് ഓഫീസർമാരെ സമ്മർദ്ദത്തിലാക്കി , ജീവനക്കാരുടെ സ്ഥാനക്കയറ്റം മരവിപ്പിച്ച് എൻജിഒ യൂണിയൻ

Published by
Janam Web Desk

തിരുവനന്തപുരം : സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ടാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നത് തലസ്ഥാനത്തെ സഖാക്കളാണ് . പൊലീസ് വകുപ്പിലെ മിനിസ്റ്റീരിയൽ വകുപ്പിലെ സ്ഥാനക്കയറ്റത്തിനുള്ള ഉത്തരവാണ് എൻ ജി ഒ യൂണിയൻ ഇടപെട്ടു തടഞ്ഞത് .

എസ്പിയും ഐജിയും അംഗീകരിച്ച ഉത്തരവാണ് ഐ പി എസ് ഓഫീസർമാരെ പോലും അവഗണിച്ച് മരവിപ്പിച്ചത് . തങ്ങളുടെ സംഘടനയിൽപ്പെട്ട സഖാക്കൾക്ക് സ്ഥാനക്കയറ്റം ലഭിക്കാത്തതാണ് യൂണിയൻ അംഗങ്ങളുടെ ചരട് വലിയ്‌ക്ക് പിന്നിൽ .

കഴിഞ്ഞ ഏപ്രിലിലാണ് മിനിസ്റ്റീരിയൽ വകുപ്പിലുള്ളവരുടെ സ്ഥാനക്കയറ്റ പട്ടിക പുറത്ത് വന്നത് . പൊലീസിലെ മാനേജർ, സീനിയർ സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫിസർ തസ്തികകളിലെ ജീവനക്കാരാണ് പട്ടികയിലുള്ളത് .

ഇതിൽ ആദ്യ 13 പേർക്കു നിയമനം നൽകി. ഇപ്പോൾ 11 ഒഴിവുകൾ ഉണ്ട്. സെലക്ട് ലിസ്റ്റിൽനിന്ന് അർഹരായ 9 പേരെ സ്ഥാനക്കയറ്റം നൽകി നിയമിക്കാൻ പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ നായർ ശുപാർശ നൽകി. ഹെഡ്ക്വാർട്ടേഴ്സ് ഐജിയുടെ ചുമതല കൂടി വഹിക്കുന്ന ഡിഐജി എച്ച്.നാഗരാജ് ഇത് അംഗീകരിച്ചു.

തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയും അനുമതി നൽകിയതോടെ ഫയൽ പൊലീസ് ആസ്ഥാനത്തെ എ ബ്രാഞ്ചിലേയ്‌ക്ക് അയച്ചു . എന്നാൽ പട്ടികയിൽ സിപിഎം അനുഭാവികൾ ഇല്ലാത്തതിനാൽ യൂണിയൻ ഇടപ്പെട്ടു , ഫയൽ മരവിപ്പിച്ചു . ഇതേ തുടർന്ന് എ ബ്രാഞ്ചിലെ സെക്‌ഷൻ ക്ലാർക്ക്, ജൂനിയർ–സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ നിയമന ഫയൽ ഉത്തരവായി പുറപ്പെടുവിക്കാനും കഴിഞ്ഞില്ല.

മാത്രമല്ല ഡിഐജി,ഡിജിപി എന്നിവരെ നേരിട്ട് കണ്ടും നിയമന ഉത്തരവ് ഇറക്കരുതെന്ന് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു . സഖാക്കളുടെ ഭീഷണിയിൽ വീണ ഐ പി എസ് ഉദ്യോഗസ്ഥരാകട്ടെ തുടർ നടപടികൾ എടുക്കാൻ തയ്യാറായില്ല .

30 വർഷം സർവ്വീസുള്ള ,വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളവരാണ് പട്ടികയിൽ ഉള്ളത് . ഈ 9 പേർക്ക് സ്ഥാനക്കയറ്റം നൽകിയാൽ താഴെയുള്ള ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക്, സീനിയർ ക്ലാർക്ക് എന്നീ തസ്തികകളിൽ ഉള്ള 9 പേർക്കു വീതവും സ്ഥാനകയറ്റം ലഭിക്കും . യൂണിയന്റെ ഇടപെടലോടെ അതും ഇല്ലാതായി .

Share
Leave a Comment