അമരാവതി: സാങ്കേതിക തികവില്‍ ഇനി സിനിമ ആസ്വദിക്കാം. രാജ്യത്തെ ഏറ്റവും വലിയ സിനിമാ സ്‌ക്രീന്‍ ആന്ധ്രാപ്രദേശിലെ സുലൂര്‍പ്പേട്ടില്‍ തുറന്നു. തെലുങ്ക് യുവതാരം രാംചരണ്‍ ഉദ്ഘാടനം നിര്‍വഹിച്ച വി.എപ്പിക് തീയേറ്ററിലെ ആദ്യ പ്രദര്‍ശനം വെള്ളിയാഴ്ച നടക്കും.
നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിന്റെ വലുപ്പം. ശബ്ദമനോഹാരിതയ്‌ക്കായി 4-കെ ആര്‍.ജി.ബി. റേസര്‍ പ്രൊജക്ഷനും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ സിനിമാ സാങ്കേതിക വിദഗ്ദരായ ക്യൂബ് സിനിമാസാണ് ശബ്ദക്രമീകരണം ചെയ്തിരിക്കുന്നത്.
എല്ലാ സീറ്റിലും ഒരുപോലെ ശബ്ദമെത്തുന്ന തരത്തില്‍ മികച്ച ദൃശ്യാനുഭവമാണ് തീയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്. ക്യുബിക് എപ്പിക് സ്‌ക്രീനുകള്‍ പ്രേക്ഷകര്‍ക്ക് സിനിമാ ആസ്വാദനത്തിന് പുത്തന്‍ അനുഭവം നല്‍കുമെന്ന് ക്യൂബ് സിനിമാസ് സിഇഒ ഹര്‍ഷ് റോഹ്തഗി പറഞ്ഞു. ചെറുപട്ടണമായ സുലൂര്‍പ്പേട്ടില്‍ വി.സെല്ലുലോയ്ഡ് കമ്പനിയാണ് മൂന്നുസ്‌ക്രീനുകളോടുകൂടിയ മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ ഒരുക്കിയത്. 625 സീറ്റുകളുള്ള തീയേറ്ററില്‍ ടിക്കറ്റ് നിരക്ക് 200 രൂപയാണ്.















