കാറുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകളുമായി സുസുകി മാരുതി. സുസുകിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴി വില്‍ക്കുന്ന കാറുകള്‍ക്കാണ് ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ മാസം അവസാനം വരെ മാത്രമാണ് ഡിസ്‌കൗണ്ട് ലഭിക്കുക.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കാര്‍ വില്പന കുറഞ്ഞതോടെയാണ് സുസുകി ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനിച്ചത്. 32.73 ശതമാനത്തിന്റെ നഷ്ടമാണ് കണക്കാക്കിയതെന്ന് സുസുകി പറയുന്നു. പുതിയ സ്‌കീമിലുടെ കമ്പനിക്ക് തിരിച്ച് കയറാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ബലേനൊ ഇഗ്‌നിസ്, എസ്‌ക്രോസ്, സിയാസ് എന്നീ വാഹനങ്ങള്‍ക്കാണ് മികച്ച ഓഫറുകള്‍ മാരുതി നല്‍കുന്നത്. ബലേനൊയുടെ പെട്രോള്‍ വകഭേദത്തിന് 15,000 രൂപ കണ്‍സ്യൂമര്‍ ഓഫറും 15,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും, കോര്‍പ്പറേറ്റ് ഓഫറായി 5,000 രൂപയടക്കം വിവിധ വകഭേദങ്ങള്‍ അനുസരിച്ച് 35,000 രൂപയുടെ വരെ ഇളവാണ് നല്‍കുന്നത്.
ബലേനൊയുടെ ഡീസല്‍ പതിപ്പിന് 62,400 രൂപ വരെയും ഇഗ്‌നിസിന് 57,000 രൂപ വരെയും എസ്‌ക്രോസിന് 1,12,900 രൂപ വരെയും സിയാസ് പെട്രോളിന് 65,000 രൂപ വരെയും സിയാസ് ഡീസലിന് 87,700 രൂപ വരെയുള്ള ഓഫറുകളാണ് കമ്പനി നല്‍കുന്നത്. വിവിധ മോഡലുകള്‍ക്ക് നല്‍കുന്ന ഓഫറുകളും എക്സ്റ്റണ്ടഡ് വാറന്റിയും എക്‌സ്‌ചേഞ്ച് ഓഫറുകളുമടക്കമാണ് ഇളവുകള്‍. ഓരോ കാറിന്റേയും മോഡലുകള്‍ക്ക് അനുസരിച്ച് ഇളവുകളില്‍ വ്യത്യാസമുണ്ടായിരിക്കും.















