പൂനെ: സ്മാര്‍ട്ടായി പട്രോളിംഗ് നടത്താന്‍ സ്മാര്‍ട്ട് പള്‍സറുകളുമായി പൂനെ ട്രാഫിക് പോലീസ്. ബജാജിന്റെ ‘പൾസർ150’ ബൈക്കുകളിലാണ് ഇനി പൂനെ ട്രാഫിക് പോലീസിന്റെ ‘കറക്കം’.ജോലിക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേകം രൂപകല്പന ചെയ്ത 80 സ്മാര്‍ട്ട് പള്‍സര്‍ മോഡലുകളാണ് പൂനെ സ്മാര്‍ട്ട് സിറ്റി ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ട്രാഫിക് പോലീസിന് കൈമാറിയിരിക്കുന്നത്.
റഗുലര്‍ പള്‍സര്‍ 150 മോഡലില്‍ നിന്നും വ്യത്യസ്തമായി നിരവധി അധിക ഫീച്ചറുകള്‍ ഈ വാഹനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമറ, ജിപിഎസ്, സ്മാര്‍ട്ട് ഫോണ്‍, സ്പീക്കര്‍, ജാമര്‍, മെഗാഫോണ്‍ തുടങ്ങി ഇരുപതോളം സംവിധാനങ്ങളാണ് ‘ സ്മാര്‍ട്ട് പള്‍സറില്‍’ ചേര്‍ത്തിരിക്കുന്നത്.
സയറണ്‍ മുഴക്കാനും അടിയന്തര സാഹചര്യങ്ങളില്‍ സിഗ്നലുകള്‍ നല്‍കാനും പ്രത്യേകം സ്വിച്ചുകളാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ വലിയ വിന്‍ഡ് സ്‌ക്രീന്‍, ഹാന്‍ഡില്‍ ബാര്‍ വരെ മൂടുന്ന വലിയ ഫ്രണ്ട് കൗണ്‍ എന്നിവയും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്.
സാധാരണ പള്‍സര്‍ വാഹനത്തേക്കാള്‍ പവര്‍ കൂടിയ എന്‍ജിന്‍ സിസ്റ്റമാണ് ഇവര്‍ക്കായി ഒരുക്കിയിട്ടുള്ളത്. 14 പിഎസ് പവറും 13.4 എന്‍എം ടോര്‍ക്കുമേകുന്ന 150 സിസി എന്‍ജിന്‍ സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. പൂനെയില്‍ നടന്ന ചടങ്ങില്‍ ബൈക്കുകളുടെ ഫ്ലാഗ് ഓഫ് നടന്നു. ഇനി പട്രോളിംഗിനായ് പൂനെ ട്രാഫിക് പോലീസ് സ്മാര്‍ട്ട് പള്‍സറില്‍ സ്മാര്‍ട്ടായി പറക്കും.















