പനജി: അമ്പതാമത് ഗോവന്‍ ചലച്ചിത്രമേളയുടെ തിരശ്ശീലയില്‍ മലയാളത്തിന്റെ ‘ജല്ലിക്കെട്ടും’ ‘ഉയരെയും’ ‘കോളാമ്പിയും’ തകര്‍ത്താടും. നവംബര്‍ 20 മുതല്‍ 28 വരെ നടക്കുന്ന ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലാണ് മലയാളത്തിലെ മൂന്ന് സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ , മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’, ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്പി’ എന്നീ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തില്‍ 26 സിനിമകളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 15 ചിത്രങ്ങളുമാണ് പനോരമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തി ചിത്രമായ ഹല്ലാരെയാണ് പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം.
ഇത്തവണ ഗോവന്‍ ചലച്ചിത്രമേളയുടെ സുവര്‍ണ ജൂബിലിയായതിനാല്‍ നിരവധി പ്രത്യേകതകളോടെയാണ് മേള സംഘടിപ്പിക്കുന്നത്.ജൂബിലി പ്രമാണിച്ച് 50 വര്‍ഷം പിന്നിട്ട 12 ചിത്രങ്ങുടെ പ്രത്യേക പ്രദര്‍ശനവും നടക്കും. കൂടാതെ കാഴ്ചയ്‌ക്ക് വെല്ലുവിളി നേരിടുന്നവര്‍ക്കായി സിനിമ ആസ്വാദനത്തിന് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ കേട്ട് ആസ്വദിക്കാനുള്ള സംവിധാനമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.
70 രാജ്യങ്ങളില്‍ നിന്നുമായി 200 ചിത്രങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. മുഖ്യധാര ഇന്ത്യന്‍ സിനിമകളെ പ്രതിനിധീകരിച്ച് ഉറി; ദി സെര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഗല്ലി ബോയ്, എഫ്2, സൂപ്പര്‍ 30, ബഡായ് ഹോ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.ദാദ സാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ അമിതാഭ് ബച്ചനോടുള്ള ആദരവ് പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.















