വധ ഭീഷണിയുണ്ടെന്ന ഷെയ്ന് നിഗത്തിന്റെ പരാതിക്ക് പിന്നാലെ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് .ഷെയ്ന് നിഗത്തെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിനിമയില്‍ ഡേറ്റ് നല്‍കിയതിനു ശേഷം നടന് വഞ്ചിക്കുകയായിരുന്നെന്നും നിര്‍മ്മാതാവ് ജോബി പറഞ്ഞു. ഇതു സംബന്ധിച്ച് സംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി വ്യക്തമാക്കി.
ചിത്രത്തിന് 30 ലക്ഷം ചോദിച്ച ഷെയ്ന് പിന്നീട് 40 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഫലമായി നേരത്തെ തന്നെ 30 ലക്ഷം ഷെയ്ന് വാങ്ങിച്ചിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംവിധായകന് ജോബി ജോര്‍ജ് വധ ഭീഷണി മുഴക്കി എന്നാരോപിച്ച് ഷെയ്ന് നിഗം രംഗത്ത് വന്നത്. ഷെയ്ന് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില് എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്. ചിത്രത്തിന്റെ ഒന്നാമത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഷെയ്ന് മറ്റോരു ചിത്രമായ കുര്‍ബാനിയുടെ ചിത്രീകരണത്തിനു പോയിരുന്നു. രണ്ടു ചിത്രങ്ങളിലുമായി മൂന്നു ഗെറ്റപ്പിലാണ് ഷെയ്ന് എത്തുന്നത്.
കുര്‍ബാനിക്ക് വേണ്ടി മുടിവെട്ടിയതിനെ തുടര്‍ന്നാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ഷെയ്ന് നിഗം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയ്ക്ക് പരാതി നല്‍കിയെന്നും പ്രൊഡ്യൂസര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടതായും ഷെയ്ന് വ്യക്തമാക്കി.