കൊച്ചി: മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ. അദ്ദേഹത്തിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അമർത്തിപ്പിടിച്ച് അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം, ശരത് സഭ, അന്നാമ്മ, അമൽഷാ എന്നിവർ. കാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്ന ഈ വ്യത്യസ്ത പോസ്റ്ററാണ് ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്കായി പുറത്തുവന്നത്.
നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ സംസ്ഥാന സാംസ്‌കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. പൊന്നിൻചിങ്ങമാസം പിറക്കുന്ന ദിനത്തിലെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചതായാണ് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
പോണ്ടിച്ചേരിയുടെ മനോഹരമായ പശ്ചാത്തലത്തിൽ ഫുൾ ഫൺ ജോണറിൽ ഒരുക്കുന്ന ചിത്രമാണ് ‘മെൽ കൗ പോണ്ടിച്ചേരി’. എന്നാൽ ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല ചിത്രം. കഥ മുന്നോട്ടുപോകുന്നതിനിടെ ഒരു ഘട്ടത്തിൽ ഏറെ ഉദ്വേഗവും സൃഷ്ടിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ അവതരണം.
ചിരിക്കൊപ്പം ചിന്തയും സമ്മാനിക്കുന്ന ഒരു സുഹൃത്ത് സംഘത്തിന്റെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
പോണ്ടിച്ചേരിയിലെ ഒരു ക്യാമ്പസിൽ ഒന്നിച്ച് പഠിച്ച ഏതാനും പേർ വർഷങ്ങൾക്കുശേഷം വീണ്ടും പോണ്ടിച്ചേരിയിൽ ഒത്തുചേരുന്നതും അതിനിടയിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്.
സൗഹൃദവും തമാശയും അപ്രതീക്ഷിത സംഭവവികാസങ്ങളും ഉദ്വേഗവും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയിലാണ് ‘മെൽ കൗ പോണ്ടിച്ചേരി’ ഒരുങ്ങുന്നത്.
അർജുൻ അശോകൻ, അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത സോഷ്യൽ മീഡിയ താരം അന്നാമ്മ, അമൽഷാ, മൊട്ട രാജേന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ശ്രീലക്ഷ്മി വിജയനാണ് നായിക. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഡിജോ ജോസ് ആന്റണിയുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള നിഖിൽ മോഹൻ, ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ കോ-റൈറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ആദ്യ സംവിധാന സംരംഭത്തിലൂടെ വ്യത്യസ്തമായൊരു കോമഡി-എന്റർടെയ്ൻമെന്റ് ചിത്രം ഒരുക്കാനുള്ള ശ്രമത്തിലാണ് നിഖിൽ മോഹൻ.
അരുൺ ഗോപി എക്സൈമെന്റ് & ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ സംഗീതം ഇലക്ട്രോണിക്ക് കിളി, ഛായാഗ്രഹണം സനീഷ് സ്റ്റാൻലി, എഡിറ്റിംഗ് സാഗർ ദാസ്, കലാസംവിധാനം അജി കുറ്റ്യാനി, മേക്കപ്പ് സ്വേതിൻ വി. എന്നിവരാണ് നിർവഹിക്കുന്നത്. സ്റ്റിൽസ് രാംദാസ് മാത്തൂർ.
പാർത്ഥൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും വിവേക് പ്രൊഡക്ഷൻ മാനേജറായും വിനോദ് വേണുഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിക്കുന്നു. ഷിഹാബ് വെണ്ണല പ്രൊഡക്ഷൻ കൺട്രോളറാണ്.
ദുബായിലും പോണ്ടിച്ചേരിയിലുമായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
പോണ്ടിച്ചേരിയിൽ ഒരിക്കൽ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കൾ വീണ്ടും അതേ നഗരത്തിൽ ഒത്തുചേരുമ്പോൾ അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ സൗഹൃദത്തിന്റെയും തമാശയുടെയും പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ചിത്രം പിന്നീട് ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളിലേക്കും നീങ്ങുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ഗുഡ് വിൽ എന്റർടെയ്ൻമെന്റാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.















