ഒരു കിലോ കപ്പയുടെ വില 429 രൂപ. അതിശയിക്കണ്ട! സത്യം തന്നെയാണ്. ഡിസ്‌കൗണ്ട് കിഴിച്ച് 369 രൂപയ്‌ക്കാണ് കപ്പ ലഭ്യമാകുക. ഡെലിവറി, പായ്‌ക്കിംഗ് എന്നീ ചെലവുകള്‍ ഉള്‍പ്പെടെയാണ് വില. ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത കപ്പ എന്ന പേരിലാണ് വില്‍പ്പന നടത്തുന്നത്. വിറ്റ കപ്പകള്‍ ആമസോണ്‍ തിരിച്ചെടുക്കില്ല. കപ്പയുടെ പോഷണ മൂല്യങ്ങള്‍ എല്ലാം വിശദീകരിച്ചാണ് വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നത്.
കപ്പയ്‌ക്ക് പുറമെ ചേനയും ചേമ്പും എല്ലാം ആമസോണില്‍ വില്‍പനയ്‌ക്ക് വെച്ചിട്ടുണ്ട്. അര കിലോ ചേമ്പിന് 599 രൂപയാണ് വില. നേരത്തെ ചിരട്ടയും ചക്കയുമെല്ലാം വില്‍പനയ്‌ക്ക് വെച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
എട്ട് കിലോ തൂക്കം വരുന്ന ഒരു ചക്കയുടെ വില ആമസോണില്‍ 86,501 രൂപയായിരുന്നു. 86,501 രൂപ വിലയുള്ള ചക്ക 20 ശതമാനം ഡിസ്‌കൗണ്ടില്‍ 69,201 രൂപയ്‌ക്കാണ് വില്‍പനയ്‌ക്ക് വെച്ചിരുന്നത്. ഭീമമായ തുക നല്‍കി ചക്ക വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു സൗകര്യവും ആമസോണ്‍ ഒരുക്കിയിരുന്നു. അഞ്ച് ചുള മാത്രമായി പ്രത്യേകം വാങ്ങാനുള്ള സൗകര്യവും ആമസോണ്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പാടാക്കിയിരുന്നു. അഞ്ച് ചുളകള്‍ക്ക് 311 രൂപയായിരുന്നു വില.















