കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയായ നീം-ജി നിരത്തിലെത്തുന്നു. തിങ്കളാഴ്ച ഓട്ടോ ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് സൂചന. സംസ്ഥാന പൊതു മേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് ഇലക്ട്രിക് ഓട്ടോ നിര്‍മ്മിച്ചത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്ത് മാത്രമല്ല ആഗോള തലത്തിലും ഏറെ പ്രധാന്യം നേടുന്ന സാഹചര്യത്തിലാണ് കേരളത്തിലും ഇലക്ട്രിക് ഓട്ടോകള്‍ എത്തുന്നത്. ഈ വര്‍ഷം ജൂണിലാണ് കെഎഎല്ലിന് ഇ-ഓട്ടോ നിര്‍മ്മിക്കാനുള്ള കേന്ദ്രത്തിന്റെ അനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇ-ഓട്ടോ നിര്‍മ്മാണത്തിന്റെ അനുമതി ലഭിക്കുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
ആദ്യഘട്ടം 15 വണ്ടികളാണ് നിരത്തിലിറങ്ങുക. ഈ മാസം 150 നീം-ജി ഓട്ടോകള്‍ നിരത്തിലിറക്കാനാണ് കെഎഎല്‍ തീരുമാനിച്ചിരിക്കുന്നത്. 2.5 ലക്ഷം രൂപയാണ് ഓട്ടോയുടെ വില. 30,000 രൂപ വരെ സബ്സിഡിയും ലഭിക്കും. പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് നിര്‍മ്മിച്ചതാണ് നീം-ജി ഓട്ടോകള്‍. കാഴ്ചയില്‍ സാധാരണ ഓട്ടോയെ പോലെയാണെങ്കിലും ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.
ഒറ്റത്തവണ റീ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാം. എന്നാല്‍ പരീക്ഷണ ഓട്ടത്തില്‍ 120 കിലോ മീറ്റര്‍ ദൂരം വരം താണ്ടിയിട്ടുണ്ടെന്നും കെഎഎല്‍ പറയുന്നു. ഒറ്റ ബാറ്ററിയില്‍ 480 കിലോ ഭാരവുമായി 22 ഹെയര്‍പിന്‍ വളവുകള്‍ കടന്ന് ഹില്‍ ടാപ്പിലെത്താനും നീംജിക്ക് കഴിഞ്ഞതായി കെഎഎല്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
60 വാട്ട് ‘ലിഥിയം അയണ്‍’ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി ഇന്‍-ബില്‍ട്ട് അല്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുംപോലെ വീട്ടിലെ പ്ലഗില്‍ തന്നെ നീം-ജി ബാറ്ററിയും ചാര്‍ജ് ചെയ്യാനാകും. ഓട്ടോയ്ക്കൊപ്പംതന്നെ ചാര്‍ജിങ് കേബിളും കമ്പനി നല്‍കും. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസയാണ് ചെലവ്.
നിലവില്‍ കെ.എ.എല്‍ വഴി നേരിട്ടാണ് ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം വിലയിരുത്തി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്നും കെഎഎല്‍ അറിയിച്ചു.