പത്തനംതിട്ട: തീര്‍ത്ഥാടന സംഘത്തോടൊപ്പം ശബരിമലയിലെത്തിയ യുവതികളെ പമ്പയില്‍ നിന്നും പോലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ പത്ത് യുവതികളെയാണ് പ്രായം പരിശോധിച്ച ശേഷം പോലീസ് തിരിച്ചയച്ചത്. 40 അംഗ തീര്ത്ഥാടകരോടൊപ്പമാണ് യുവതികള്‍ എത്തിയത്.
ശബരിമലയിലെ ആചാരത്തെ കുറിച്ച് പോലീസ് വിശദീകരിച്ചതോടെ യുവതികള്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം ഇത്തരം ആചാരങ്ങളെ സംബന്ധിച്ച് അറിയില്ലെന്നും മറ്റ് ക്ഷേത്രങ്ങളെ പോലെ കരുതിയാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയതെന്നും യുവതികള്‍ വെളിപ്പെടുത്തി.
പമ്പയിലാണ് പ്രായ പരിശോധന നടത്തുന്നത്. യുവതികളുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച് ഇവരുടെ പ്രായം ഉറപ്പാക്കിയതിനു ശേഷമാണ് കാനന പാതയിലേക്ക് കടത്തി വിടുന്നത്. മണ്ഡലകാല ആരംഭത്തിനായി ശബരിമല നട ഇന്ന് വൈകീട്ടാണ് തുറക്കുക.
യുവതികളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. യുവതികള്‍ വന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.