ന്യൂഡല്‍ഹി: ഹോണ്ട കാര്‍സ് ഇന്ത്യയുടെ ബിഎസ് 6 ശ്രേണിയിലുള്ള ഹോണ്ട സിറ്റി പുറത്തിറക്കി. വില 9.91 ലക്ഷം മുതല്‍ 14.31 ലക്ഷം രൂപ വരെ. ബിഎസ് 4 മോഡലിനേക്കാള്‍ പതിനാറായിരം രൂപയോളം വില കൂടുതലാണ് ഇതിന്.
പെട്രോള്‍ വിഭാഗത്തില്‍ ഓട്ടമാറ്റിക് മോഡലും ലഭ്യമാണ്. പരിഷ്കരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 6600 ആര്‍പിഎമ്മില്‍ 117 ബിഎച്ച്പി പവറും 4600 ആര്‍പിഎമ്മില്‍ 145 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്.
സ്മാര്‍ട് ഫോണ്‍ കണക്ടിവിറ്റിയോടു കൂടിയ നാവിഗേഷന്‍ സംവിധാനം ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകള്‍ പുതിയ മോഡലില്‍ ഉണ്ട്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ബിഎസ് 6 എന്ജിന് നിര്‍ബന്ധമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിഎസ് 6 എന്‍ജിനില്‍ ഹോണ്ടാ സിറ്റി പുറത്തിറക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് അനുസൃതമായി നൂതനവും അത്യാധുനികവുമായ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണത്തില്‍ ബി എസ് ആറ് നിലവാരമുള്ള സിറ്റിക്കു പിന്നാലെ മറ്റു മോഡലുകളുടെ ഭാരത് സ്റ്റേജ് ആറ് പതിപ്പുകളും വില്‍പ്പനയ്ക്കെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.