ലാന്‍ഡ് ലോവര്‍ സ്വപ്നത്തില്‍ മാത്രമല്ല ഇനി ആര്‍ക്കും സ്വന്തമാക്കാം. ഹാരിയറിന്റെ ഒമേഗ പ്ലാറ്റ് ഫോമില്‍ കുറഞ്ഞ വിലയിലുള്ള എസ്യുവിയെ പുറത്തിറക്കാന്‍ ടാറ്റ തയ്യാറെടുക്കുകയാണ്. കുറഞ്ഞ വിലയിലുള്ള എസ്യുവി എന്ന ആശയവുമായാണ് ഹാരിയറിന് അടിസ്ഥാനമൊരുക്കുന്ന ഒമേഗ പ്ലാറ്റ്ഫോമില്‍ ലാന്‍ഡ് റോവര്‍ എല്‍ 860 എന്ന എസ്യുവി നിര്‍മിക്കുന്നത്. 2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ കണ്സെപ്റ്റായ ഡിസി 100 നെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും പുതിയ കാര്‍ നിര്‍മിക്കുന്നത്. എന്നാല്‍ ഡിഫന്‍ഡറിനെ പോലെ ബോക്സിയായ രൂപമായിരിക്കില്ല എല്‍ 860 കോഡ് നാമത്തില്‍ ഇറങ്ങുന്ന വാഹനത്തിന്. അതേസമയം ലാന്‍ഡ് റോവറിന്റെ ഓഫ്-റോഡ് സവിശേഷതകള്‍ ഒന്നും നഷ്ടപ്പെടാത്ത രീതിയിലാണ് പരിഷ്കരണങ്ങള്‍ നിര്‍വ്വഹിച്ചത്. കൂടാതെ കുറഞ്ഞ വിലയ്ക്ക് അസാധാരണമായ ഡ്രൈവിംഗ് അനുഭവവും ഹാന്‍ഡിലിംഗും എസ്യുവി നല്കുന്നു എന്നതാണ് വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനോട് സാമ്യമുള്ള രൂപമായിരിക്കും എല്‍860-ക്ക് എന്നാണ് സൂചന. ഇതിനൊപ്പം ശക്തമായ സുരക്ഷാ സംവിധാനങ്ങളും സുഖയാത്ര ഒരുക്കുന്ന ഫീച്ചറുകളും ഈ വാഹനത്തില്‍ ഉള്‍പ്പെടുത്തും. ഹാരിയറില്‍ നല്കിയിട്ടുള്ളതിനേക്കാള് മികച്ച സസ്പെന്‍ഷനും മറ്റ് മെക്കാനിക്കല്‍ സംവിധാനങ്ങളും എല്‍-860-ല്‍ ഒരുങ്ങും. വാഹനത്തിന്റെ എന്ജിന് 1.5 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് മിഡ് ഹൈബ്രിഡിലായിരിക്കും ഇറങ്ങുന്നത്. വാഹനത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ വില 25000 യൂറോയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.