മുംബൈ: പരിക്കില്‍ നിന്ന് മോചിതനായ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബൂമ്ര ഉടന്‍ നടക്കുന്ന രഞ്ജി ട്രോഫിയില്‍ കളിക്കില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പിന്മാറ്റം എന്നാണറിവ്. ഇതോടെ കേരളത്തിനെതിരെ ഗുജറാത്ത് ടീം ബൂമ്രയില്ലാതെയാണ് ഇറങ്ങുക.
പരിക്കുമൂലം ശസ്ത്രക്രീയക്ക് ശേഷമുള്ള വിശ്രമം ബൂമ്രയെ അഞ്ചുമാസത്തോളം കളിക്കളത്തില്‍ നിന്ന് അകറ്റിയിരുന്നു. ലോക ഒന്നാം നമ്പര്‍ പേസ് ബൗളറായി തിളങ്ങി നില്‍ക്കുമ്പോഴാണ് പരിക്ക് വില്ലനായി എത്തിയത്. വെള്ള പന്തില്‍ത്തന്നെ കളിക്കാനുള്ള പരിശീലനം തുടരാനാണ് ഗാംഗുലിയുടെ നിര്‍ദ്ദേശം. ശ്രീലങ്കക്കും ന്യൂസിലാന്റിനുമെതിരെ വരാനിരിക്കുന്ന പരമ്പരകളിലെ മികച്ച പ്രകടനമാണ് ഗാംഗുലി പ്രതീക്ഷിക്കുന്നത്. മാത്രമല്ല മികച്ച ഫിറ്റനസ് ഓസ്‌ട്രേലിയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് അനിവാര്യവുമാണെന്ന് ഗാംഗുലി ബൂമ്രയെ ഓര്‍മ്മിപ്പിച്ചതായും സീനിയര്‍ താരങ്ങള്‍ പറയുന്നു.
രഞ്ജി ക്രിക്കറ്റില്‍ ഗുജറാത്തിനായി ബൂമ്ര ഇറങ്ങണമെന്ന ശക്തമായ വാദമാണ് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ഒരു ദിവസം 8 ഓവര്‍ മാത്രം പന്തെറിഞ്ഞാല്‍ മതി എന്നും നിശ്ചയിച്ചിരുന്നു. ഇതിനിടെ ഗുജറാത്ത് ഗാംഗുലിയുടെ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.















