കറാച്ചി: ഹിന്ദുവായതിനാല്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ കടുത്ത വിവേചനം നേരിട്ടിരുന്നുവെന്ന ഷുഹൈബ് അക്തറിന്റെ വെളിപ്പെടുത്തല്‍. ഹിന്ദുവാണ് എന്ന കാരണത്തിലാണ് ഡാനിഷ് കനേറിയ വിവേചനം നേരിട്ടതെന്നാണ് ഷുഹൈബ് വെളിപ്പെടുത്തിയത്. ഗെയിം ഓണ്‍ ഹെ എന്ന ക്രിക്കറ്റ് പരിപാടിക്കിടെയാണ് ഷുഹൈബ് അക്തര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
അനില്‍ ദല്‍പതിന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പാകിസ്താനെ പ്രതിനിധീകരിച്ച ഹിന്ദു താരമാണ് ഡാനിഷ്. അതേസമയം ഷുഹൈബ് വെളിപ്പെടുത്തിയത് സത്യമാണെന്ന് പ്രതികരിച്ച് ഡാനിഷും രംഗത്തെത്തിയിരുന്നു. വിവേചനം കാണിച്ച താരങ്ങളുടെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് ഡാനിഷ് പറഞ്ഞു. അന്ന് അത് പറയാന്‍ തനിക്ക് ഭയമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തുറന്ന് പറയാന്‍ ഭയമില്ലെന്നും ഡാനിഷ് വെളിപ്പെടുത്തി.
ഡാനിഷിന്റെ പ്രകടന മികവ് ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല. രാജ്യത്തിന് വേണ്ടി നിരവധി വിക്കറ്റുകള്‍ ഡാനിഷ് വീഴ്‌ത്തിയിരുന്നു. ഹിന്ദുവായതിനാല്‍ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും ടീം അംഗങ്ങള്‍ തയ്യാറായിരുന്നില്ലെന്നും ഷുഹൈബ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് സംസാരിച്ചപ്പോഴൊക്കെ ടീം ക്യാപ്റ്റന്‍ ഉള്‍പ്പെടെ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അക്തര്‍ പറഞ്ഞു.
കളിയിലെ വിജയത്തിന്റെ ക്രെഡിറ്റ് ഡാനിഷിന് നല്‍കാന്‍ സഹതാരങ്ങള്‍ ഒരിക്കലും തയാറായിരുന്നില്ല. 2005-ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് സീരീസ് പാകിസ്താന്‍ ജയിച്ചത് ഡാനിഷിന്റെ മികവിലായിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ ആരും തയാറായില്ല. പാകിസ്താനില്‍ ജനിച്ച ഒരു ഹിന്ദുവിന് ജന്മരാജ്യത്തിന് വേണ്ടി കളിക്കാന്‍ അവകാശമുണ്ടെന്നും അക്തര്‍ പറഞ്ഞു.
പാകിസ്താന് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ കളിക്കാരുടെ പട്ടികയില്‍ വസിം അക്രം, വഖാര്‍ യൂനിസ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് ഡാനിഷിന്റെ സ്ഥാനം. ഇത്തരമൊരു മികച്ച കളിക്കാരനോട് മതത്തിന്റെ പേരില്‍ വേര്‍തിരിവ് കാട്ടുന്നത് പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. പാകിസ്ഥാനില്‍ ഹിന്ദുക്കളെ മറ്റൊരു രീതിയിലാണ് കാണുന്നത്.
പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗം വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുവെന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുകയാണ് ഷുഹൈബ് അക്തര്‍. ദേശീയ താരത്തിന് ഇത്രയും അവഗണന നേരിട്ടെങ്കില്‍ ന്യൂനപക്ഷമായ സാധാരണക്കാര്‍ എത്രത്തോളം പീഡനം നേരിടുന്നുണ്ടാകുമെന്നത് ഊഹിക്കാം. ഇന്ത്യയില്‍ പൗരത്വ ഭേഗദതി നിയമം പാസക്കിയതിന് പിന്നാലെയാണ് പാകിസ്താനില്‍ ഹിന്ദുവെന്ന പേരില്‍ വിവേചനം നേരിടുന്നുവെന്ന അക്തറിന്റ വെളിപ്പെടുത്തല്‍.















